Showing posts with label Education News. Show all posts
Showing posts with label Education News. Show all posts

സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ;ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

No comments
സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ;
ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.

ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയായിരിക്കും പരീക്ഷ. ഡിസംബർ 12 മുതൽ 22 വരെയായിരിക്കും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ.

23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും. മാർച്ച് 13 മുതൽ 30വരെ നടത്താൻ നിശ്ചയിച്ച എസ്.എസ്.എൽ.സി പരീക്ഷ റമദാൻ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാറിന്‍റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.

കെ.ടെറ്റ് അപേക്ഷ തീയതി 14 വരെ നീട്ടി

No comments
കെ.ടെറ്റ് അപേക്ഷ തീയതി 14 വരെ നീട്ടി


തിരുവനന്തപുരം: 
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. 14ന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷ ഹാൾടിക്കറ്റ് നവംബർ 28 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: അവസാന തിയ്യതി. സെപ്റ്റംബർ 30വരെ

No comments
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്:
 അവസാന തിയ്യതി. സെപ്റ്റംബർ 30വരെ

 1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്. സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്

2. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്.

 3. ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.

പൊതു നിർദ്ദേശങ്ങൾ

1. ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

2. http://scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

3. സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് (fresh) അപേക്ഷയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ റിന്യൂവൽ (renewal) അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.


4. പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0) ലെ Applicant എന്ന ഓപ്ഷനിൽ NEW REGISTRATION എന്ന ലിങ്ക് Login ഉപയോഗിക്കേണ്ടതാണ്.നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും പാസ്സ് വേർഡും (ഉദാ:- ജനന തീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner - login Application Submission - Fresh Application എന്ന ലിങ്ക് വഴി Login ചെയ്ത ശേഷം പുതിയ Password സെറ്റ് ചെയ്യേണ്ടതാണ്.

5. പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP 2.0) ല Applicant Corner - login Application Submission for AY 2022 23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം രജിസ്റ്റർ ചെയ്തതിൽ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സമയത്തെ User ID , Password എന്നിവ ഉപയോഗിക്കാവുന്നതാണ്.

സമർപ്പിക്കേണ്ട രേഖകൾ

1. വരുമാന സർട്ടിഫിക്കറ്റ്.  

2. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്. 

3. ജനന തീയതി,മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്. 

4. മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്.

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നാളെ മുതൽ....

No comments
കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നാളെ മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. 

ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.

പ്രവേശനയോഗ്യത

എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം.

സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക.

2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു.

അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.

സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും.

സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ്’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയങ്ങളുടെ കോംബിനേഷൻ എടുക്കാൻ കഴിയൂ.

10–ാം ക്ലാസിൽ നേടിയ മാർക്കുകൾ പ്രത്യേക രീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്.

റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്െമന്റും നടത്തും.

2022 ജൂൺ 1 ന് പ്രായം 15–20 വയസ്സ്.

കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല.

മറ്റു ബോർഡുകാർക്കു കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽനിന്നു വാങ്ങാം.

 കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും.

പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം.

അപേക്ഷ എങ്ങനെ

www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തുക.

തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്,

വ്യവസ്ഥകൾ പഠിക്കുക.

ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം.

ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക.

മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷ, ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെ.

യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്.

എട്ടാം അനുബന്ധത്തിൽ ഫോമിന്റെ മാത‍ൃകയും. അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കയ്യിൽ കരുതണം;

നമ്പറും തീയതിയും മറ്റും അപേക്ഷയിൽ ചേർക്കേണ്ടിവരും.

സൈറ്റിൽ നിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക.

സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സെലക്ഷൻ.

അപേക്ഷയിൽ തെറ്റു വരാതെ ശ്രദ്ധിക്കണം.

ഭിന്നശേഷിക്കാരും, 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

സംശയപരിഹാരത്തിന് ഈ വിഭാഗങ്ങളിൽപെട്ട എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്.

+1 അപേക്ഷ സമർപ്പണം നാളെ മുതൽ
          ശ്രദ്ധിക്കേണ്ട തീയതികൾ
✅ ജൂലൈ 18 - അവസാന തീയതി
✅ ജൂലൈ 21 - ട്രയൽ അലോട്ട്മെന്റ്
✅  ജൂലൈ 27 - ആദ്യ അലോട്ട്മെന്റ്
✅ ആഗസ്റ്റ് 11 - അവസാന അലോട്ട്മെന്റ്
✅ ആഗസ്റ്റ് 17 - +1ക്ലാസുകൾ ആരംഭിക്കുന്നു.
✅ സെസ്റ്റംബർ 30 - +1 പ്രവേശന നടപടികൾ
അവസാനിപ്പിക്കുന്നു.

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

No comments
അപേക്ഷ സമർപ്പണം:
2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്. 
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18. 

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി :  ജൂലൈ 21

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11

· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
· മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. 
ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 
രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. 
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

പ്രധാന മാറ്റങ്ങൾ
അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു.
1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
2. ഓരോ വിദ്യാർത്ഥിയുടേയും W G P A 
(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. 
W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. 
W G P A  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
3. ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി 
എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),
യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.

7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. 
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
10. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 
4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.
ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) 
പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് 
വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. 
ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 
എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി 
വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.
അവ ഇനി പറയുന്നവയാണ് 
1. ലാബ് ടെക്‌നീഷ്യൻ - റിസർച്ച് & ക്വാളിറ്റി 
കണ്ട്രോൾ 
2. ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ 
3. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് 
എന്നിവയാണവ. 
ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി 
ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. (www.admission.dge@kerala.gov.in)

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി

No comments
പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.

സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു..

No comments
സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ഡിഗ്രി കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരത്തെ കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജിനു എതിർവശം, തിരുവനന്തപുരം-695001. കോഴിക്കോട് ജില്ലയിലെ നോളഡ്ജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. എന്നീ വിലാസങ്ങളിൽ ലഭിക്കും. ഫോൺ: 9446987943, 8086691078.

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

No comments
പ്ലസ് വൺ  ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:
രക്ഷിതാക്കളും കുട്ടികളും  സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്: കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ കിട്ടുമോ?   അല്ലെങ്കിൽ 5  A+ ഉണ്ട് 8 A+  3 B+ ഉണ്ട് അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..

 ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക് അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല  എന്നതാണ്.

നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ് കണക്കാക്കുക എന്നതാണ്.

A+  9
A    8
B+  7
B    6
C+  5
C    4
D+  3 
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്.

TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല. 
TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.

എന്താണ് GSW?
GSW- total Grade value of subjects for which Weigtage is given. (തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം. 

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന്     ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ്      ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ. 

01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)

കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം  ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം  സോഷ്യൽ സയൻസ്   മാത്രം ആണ്.
കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന്  സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ്   ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ   സോഷ്യൽ സയൻസ് & ഇംഗ്ലീഷ്   ഉം ആണ്.

കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ    മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ്    ആണ്.

ഇപ്രകാരം കുട്ടി തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് തന്റെ മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കുക. ഈ തുകയാണ് GSW.

TGP  യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക.

ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.

ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാo

1 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക്  3  ബോണസ് പോയിൻറ് ലഭിക്കും.

2 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ   2 ബോണസ് പോയിൻറ് ലഭിക്കും.

3 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ   2 ബോണസ് പോയിൻറ് ലഭിക്കും.

4 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ   1 ബോണസ് പോയിൻറ് ലഭിക്കും.

5 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  
ബോണസ് പോയിൻറ് ലഭിക്കും.

6 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., 
സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., 
നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
 സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

7 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

8 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന് കണക്കാക്കുക.

എന്താണ്   MP (Minus Point)?
SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും   1  പോയിന്റ് വച്ച് കുറയ്ക്കും.

TS ( Total Subject)
ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.

TSW (Total Subject for Weightage)
തെരഞ്ഞെടുക്കുന്ന കോമ്പിനേഷന്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.

ഇത് ബയോ മാത്സിന് 4, മറ്റു സയൻസുകൾക്ക് 3, കൊമേഴ്സിന് 2, ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക. ( ഹ്യുമാനിറ്റീസ് കോഡ് 33,34,35 & 44 ന്റെ TSW 2 ആണ്.)

ഇനി  അഡ്മിഷന് മാനദണ്ഡമാകുന്ന WGPA  കണക്കാക്കുന്നത് എങ്ങിനെ എന്ന് പരിശോധിക്കാം.

WGPA=

TGP+GSW         BP-MP
----------------- + -------------
TS +TSW              10

ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ്     WGPA

WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ് ചെയ്യും.

സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം. 
എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്. 
സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ  മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്. 
അതുപോലെ തന്നെ സയൻസിന് പഠിക്കുന്നത് (അതും ബയോ മാത്സ്) മിടുക്കന്മാരുടെയും കൊമേഴ്സിന് പഠിക്കുന്നത് ഇടത്തരം മിടുക്കന്മാരുടേയും ഹ്യുമാനിറ്റീസിന് പഠിക്കുന്നത് മണ്ടന്മാരുടേയും അടയാളമാണെന്ന് കരുതുന്ന ധാരാളം രക്ഷിതാക്കളും കുട്ടികളും ഉണ്ട്, ഈ വിശ്വാസം ആനമണ്ടത്തരമാണെന്ന് പറയേണ്ടി വരും.  എല്ലാ കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.
   ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.

മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കുന്നതിനേക്കാൾ വലുതാണ് ഭാവി സുരക്ഷിതമാക്കൽ. 
കുട്ടിയുടെ താല്പര്യം, അഭിരുചി, കപ്പാസിറ്റി ഇതൊക്കെ നോക്കി കൊണ്ടാവണം അനുയോജ്യമായ കോമ്പിനേഷൻ തെടുക്കേണ്ടത്.

ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?

അപേക്ഷന് ആദ്യ അലോട്ട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട സ്കൂളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന് പ്രവേശനം കിട്ടിക്കൊള്ളണമെന്നില്ല, മറ്റു സ്കൂളുകളിലേക്കാണ് അലോട്ട്മെന്റ് വന്നതെങ്കിൽ, അലോട്ട്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത സ്കൂളിൽ ഹാജരായി

 താൽക്കാലിക അഡ്മിഷൻ

 എടുക്കുകയും അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയും ചെയ്യുക. അടുത്ത അലോട്ട്മെന്റിൽ മാറ്റം വന്നാൽ പുതിയ അലോട്ട്മെന്റ്  പ്രിന്റ് എടുത്ത് താൽക്കാലിക പ്രവേശനം കിട്ടിയ സ്കൂളിൽ നിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ  സ്ഥിരമായി പ്രവേശനം  നേടാം. 
ഇതേ പോലെ   കോമ്പിനേഷൻ ട്രാൻസ്ഫറിനും അവസരമുണ്ടാകും.

ആയതിനാൽ ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം
നിങ്ങൾക്ക് അക്ഷയയിൽ നിന്നോ കഫേകളിൽ നിന്നോ ഫോമുകൾ കിട്ടിയിട്ടുണ്ടെങ്കിൽ, അതിൽ ആവശ്യാനുസരണം ഓപ്ഷനുകൾ പൂരിപ്പിക്കാൻ കോളമില്ലെങ്കിൽ, അധികം കോളങ്ങൾ വരച്ച് ചേർത്തി ഓപ്ഷനുകൾ കൂടുതൽ എണ്ണം ഉൾപ്പെടുത്തുക.

എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

No comments
എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം.  21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ല അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

റമദാനിലെ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷ, പ്രതിഷേധം ശക്തമാവുന്നു.

No comments
റമദാനിലെ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷ, പ്രതിഷേധം ശക്തമാവുന്നു.



കാലക്കറ്റ് സർവ്വകലാശാല ഏപ്രിൽ 20 മുതൽ 26 വരെ ബി.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷ ഉച്ചക്ക് 1.30 മുതൽ 4.30 വരെ പ്രഖ്യാപിച്ച് ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. റമദാൻ മാസത്തിലെ ഉച്ചക്ക് ശേഷമുള്ള പരീക്ഷകൾ വലിയ പ്രയാസത്തിലാക്കുമെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. പരീക്ഷ കഴിഞ്ഞ് ഇഫ്താറിന് മുമ്പ് വീട്ടിലെത്താൻ പലർക്കും കഴിയില്ല. 4.30 ന് പരീക്ഷ അവസാനിക്കുന്നതും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യാത്ര സൗകര്യം സുഗമമല്ലാത്തതിനാലും ഇഫ്താർ യാത്രക്കിടയിൽ വെച്ച് നടത്തേണ്ട അവസ്ഥയുണ്ടാകുമെന്ന് വിദ്യാർത്ഥികൾ ഭയപ്പെടുന്നു. അധ്യാപകരെയും ഈ സമയക്രമം സാരമായി ബാധിക്കും.ഒന്നാം സെമസ്റ്റർ 2021 നവംബർ 22 നാണ് ആ രംഭിച്ചത്. ഭൂരിഭാഗം കോളേജുകളിലും പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിച്ചിട്ടില്ല. പരീക്ഷക്ക് പുറത്തിറക്കിയ ടൈംടേബിളിൽ തുടർച്ചയായ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. റമദാൻ കാലത്ത് ദൂരയാത്ര നടത്തി വീട്ടിൽ വന്ന് അടുത്ത പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരും.പരീക്ഷ റമദാന് ശേഷം മെയ് മാസത്തിൽ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.ഇത് ഉന്നയിച്ച് സർവ്വകലാശാല അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ സർവ്വകലാശാല അംഗീകരിക്കുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.

ബഹു: വിദ്യാ. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന QIP അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ...

No comments

ബഹു: വിദ്യാ. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന QIP അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ...
1) 1 മുതൽ 9 വരെ ക്ലാസുകളിൽ  മാർച്ച് 31 വരെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതും ഏപ്രിൽ 10നകം പരീക്ഷ നടത്തുന്നതുമായിരിക്കും.
ചോദ്യങ്ങൾ SCERT തയാറാക്കി നൽകുന്നതാണ്.

2) പ്രഖ്യാപിച്ച പരീക്ഷാ തീയതികളും ഫോക്കസ് ഏരിയയും സർക്കാരിൻ്റെ Credibility യുടെ പ്രശ്നമായതിനാൽ മാറ്റാനാവില്ല.

3) Feb. 21 മുതൽ വിദ്യാലയങ്ങൾ പരിപൂർണ്ണമായി തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
21 നകം PTA, ക്ലാസ് PTA യോഗങ്ങളും ചേരും.

4) Feb. 21 മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമല്ല.
ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്.
വിക്ടേഴ്സ് ക്ലാസ് തുടരും.

5) രക്ഷിതാക്കൾക്കും കുട്ടികൾക്കും Mobile ഉപയോഗത്തിൽ ബോധവൽക്കരണം നൽകും.

6) K TET, ഉച്ചഭക്ഷണം, തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷകൾക്ക് ശേഷം പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണ്.
ഈ കാര്യങ്ങളിൽ അദ്ധ്യാപക സംഘടനകൾ നിവേദനം എഴുതി നൽകേണ്ടതാണ്.

7) അദ്ധ്യാപക സംഘടനകളുടെ ആവശ്യപ്രകാരം കോവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ മാത്രം പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് പുതിയ ഉത്തരവിറക്കും.

8) ഉച്ചഭക്ഷണച്ചെലവ് വർദ്ധിപ്പിച്ച് നൽകാൻ കഴിയുമോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും.

9) അദ്ധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ല.
അദ്ധ്യാപകരെ മാനിക്കുന്നു.
എന്നാൽ ചട്ടം 60 A പ്രകാരം ചുമതല ഓർമ്മിപ്പിക്കുകയാണ് ചെയ്തത്.



10 )
കുട്ടികൾ യൂണിഫോം ധരിക്കണം.
എന്നാൽ ധരിക്കാത്ത കുട്ടികളെ ശിക്ഷിക്കില്ല.

ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സാരി നിര്‍ബന്ധിത വസ്ത്രമല്ല

No comments

ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സാരി നിര്‍ബന്ധിത വസ്ത്രമല്ല


ബിഎഡ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പുതുക്കി നിശ്ചയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇനി മുതല്‍ മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രം ധരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഹാജരാവാമെന്ന് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ദീര്‍ഘകാലമായി ബിഎഡ് വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത വേഷമായിരുന്നു സാരി.

നേരത്തെ കോളജ് അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധ വസ്ത്രമല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സാരിയെച്ചൊല്ലി അധ്യാപകരും പിടിഎയും തമ്മില്‍ വാക്കുതര്‍ക്കം സ്ഥിരമായ സാഹചര്യത്തിലാണ് എംഎ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് കോളജ് അധ്യാപികമാരുടെ ഡ്രസ് കോഡ് പുതുക്കി നിശ്ചയിച്ചത്. 

ഇന്ത്യന്‍ നേവിയില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8

No comments

ഇന്ത്യന്‍ നേവിയില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8

ഇന്ത്യൻ നേവിയിൽ പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. ആൺകുട്ടികൾക്കാണ് അവസരം. ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. പ്രായം: 2003 ജനുവരി 2 2005 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://www.joinindiannavy.gov.in/

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം.

No comments

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് സ്കൂളുകൾ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച മുതൽ  പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതൽ

No comments

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതൽ
 
ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
 
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. 

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു. 

ജില്ലകളുടെ കാറ്റഗറിയില്‍ മാറ്റം വന്നിട്ടുണ്ട്. 'സി' കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി 'ബി' യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി 'എ' യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.

പി.എസ്.സി പരീക്ഷകൾക്ക് മാറ്റം. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

No comments
പി.എസ്.സി പരീക്ഷകൾക്ക് മാറ്റം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷകളില്‍ മാറ്റം. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്.

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി

No comments
പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയന്‍സ് ബാച്ചുകള്‍ അധികം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലങ്ങള്‍ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
താത്കാലിക ബാച്ചുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ നിലവിലുള്ള വേക്കന്‍സികള്‍ കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ഡിസംബര്‍ 14 മുതല്‍ അപേക്ഷ ക്ഷണിക്കും.

എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

No comments
എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി 'എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്' നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

No comments
പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

 Sunday Oct 17, 2021

 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍  നാളെ (ഒക്ടോബര്‍ 18 ) നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

SSLC സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം

No comments
SSLC സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം


SSLC സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം



എസ്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖ എന്നിവകളില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍/ തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍.  മന്ത്രിസഭാ യോഗത്തിന്റെതാണ് നിര്‍ണായക തീരുമാനം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ/ അവരിലൊരാളുടെ എസ്‌എസ്‌എല്‍സി ബുക്ക്/വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാമെന്നും മന്ത്രി സഭായോഗം വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുടെ നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാകുന്നതിന് സഹായകരമാവുന്നതാണ് പുതിയ തീരുമാനം.

കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍, ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും മന്ത്രി സഭായോഗം വ്യക്തമാക്കുന്നു.
വിവധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. എന്നാല്‍ ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്.

ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ/ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള രീതി തുടരും. സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും.

റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ഇനി മുതല്‍ ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്‌ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 'ജീവന്‍ പ്രമാണ്‍' എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്. വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാറോ നല്‍കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അപേക്ഷകന്റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍റേഷന്‍ കാര്‍ഡ് തന്നെ കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും. ഇതുവഴി ബന്ധപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷന്‍ പൂര്‍ത്തീകരിച്ച്‌, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുന്‍കൂട്ടി അറിയിച്ച്‌ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും
Don't Miss
© all rights reserved and made with by pkv24live