നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു കോഴിക്കോട്: നടന്‍ കെ.ടി.സി അബ്ദുള്ള ( 82) അന്തരിച്ചു. ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള 1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. അറുപതുകളില്‍ കോഴിക്കോട് തുടങ്ങിയ യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമിയിലൂടെയാണ് കെ.ടി.സി അബ്ദുള്ള നാടകാഭിനയ രംഗത്തേയ്ക്ക് വരുന്നത്. കെ പി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവരുടെ കൂടെ അമേച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.