ശബരിമല: സുപ്രീം കോടതി വിധി ഉയർത്തിയ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ശബരിമല മണ്ഡലകാലത്തിന് തുടക്കമായി. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ശ്രീകോവിൽ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറന്നതോടെയാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ആരംഭമായത്. പുതിയ മേൽശാന്തിവി.എൻ. വാസുദേവൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എം.എൻ. നാരായണൻ നമ്പൂതിരിയും സ്ഥാനമേൽക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്താണ് സ്ഥാനമേൽക്കുക. സന്നിധാനത്തും മാളികപ്പുറത്തുമായാണ് ചടങ്ങുകൾ നടക്കുക. സന്ധ്യാവന്ദനത്തിന് ശേഷം എട്ടുമണിയോടെ പുതിയ മേൽശാന്തിമാർക്ക് മൂലമന്ത്രം ഉപദേശിക്കുന്നതോടെയാണ് സ്ഥാനമേൽക്കുന്ന ചടങ്ങുകൾ പൂർത്തിയാകുക. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത് ശനിയാഴ്ച രാവിലെ മുതലാണ്. പുതിയ മേൽശാന്തിമാരാണ് ശനിയാഴ്ച നടതുറക്കുന്നത്. നെയ്യഭിഷേകം പുലർച്ചെ മൂന്നരയ്ക്ക് ആരംഭിക്കും.