കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോകും
നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്.
അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടിലാണ് സുരേന്ദ്രനെ രാവിലെ ഹാജരാക്കിയത്. സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ സുരേന്ദ്രനെ ഇന്ന് പുലർച്ചെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിലടച്ചതിൽ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് പുലർച്ചെ ചില ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരേ കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്.
തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രൻ ഇതിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.