ഗൾഫ് വാർത്തകൾ
ഖത്തറിലുളള പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത…സ്ഥിര താമസത്തിനനുമതി നല്‍കുന്ന നിയമം മാസങ്ങള്‍ക്കുളളിൽ
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കായിരിക്കും സ്ഥിര താമസാനുമതി നല്‍കുന്നത്.
അറബിക് ഭാഷാ പ്രാവീണ്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. അതേസമയം ഭാഷയില്‍ മികച്ച പ്രാവീണ്യം വേണമെന്ന് നിര്‍ബന്ധമുണ്ടാകില്ല. ഒരു വര്‍ഷം പരമാവധി 100 പേര്‍ക്ക് മാത്രമേ പിആര്‍പി നല്‍കുകയുള്ളൂ. ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ അമീറിന്റെ പ്രത്യേക അനുമതിയോടെ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും വ്യവസ്ഥയുണ്ടാകും.
ഇതു സംബന്ധിച്ചുളള അപേക്ഷകള്‍ സ്വീകരിക്കാനും മറ്റ് നടപടികള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ലും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കും.
നല്ല പെരുമാറ്റവും സമൂഹത്തില്‍ ആദരവുമുള്ള വ്യക്തികളായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. അതോടൊപ്പം നേരത്തെ കേസുകളോ മറ്റ് നിയമലംഘനങ്ങളോ ഉണ്ടായിരിക്കാനും പാടില്ല. വിദേശത്ത് ജനിച്ചവര്‍ സാധാരണ റെഡിഡന്‍സി പെര്‍മിറ്റോടെ 20 വര്‍ഷം ഖത്തറില്‍ താമസിച്ചിരിക്കണം. എന്നാല്‍ ഖത്തറില്‍ ജനിച്ച വിദേശികള്‍ രാജ്യത്ത് 10 വര്‍ഷം താമസിച്ചാല്‍ മതിയാവും.