പ്രഭാത വാർത്തകൾ
👁🗨ഇന്നു ഹൈവേകളില്‍ ബിജെപിയുടെ ഉപരോധസമരം. സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ പോലീസ് കരുതല്‍ തടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ചാണു സമരം.
👁🗨വൈകുന്നേരം നിലയ്ക്കലില്‍ എത്തിയ സുരേന്ദ്രനടക്കം അഞ്ചംഗ സംഘത്തെ പോലീസ് തടഞ്ഞു. സന്നിധാനത്തേക്കു രാത്രി കടത്തി വിടില്ലെന്നും നാളെ പോകാമെന്നും പോലീസ് നിര്‍ദേശിച്ചു. സുരേന്ദ്രന്‍ വഴങ്ങിയില്ല. രണ്ടു മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശശികല വീണ്ടും എത്തുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും എത്തിയില്ല.
👁🗨ശബരിമലയില്‍ യഥാര്‍ഥ ഭക്തര്‍ക്കു ദുരിതം. പ്രതിഷേധ സമരക്കാരെ നേരിടാന്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഭക്തരെ വലയ്ക്കുന്നത്. ഇന്നലേയും രാത്രി നടയടച്ചശേഷം എല്ലാവരേയും സന്നിധാനത്തുനിന്ന് മടക്കിയയച്ചു. താഴെ തിരുമുറ്റത്തുനിന്നും ഒഴിപ്പിച്ചു. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളില്ല. മഴയുംകൂടിയായപ്പോള്‍ ഭക്തര്‍ മാത്രമല്ല, പോലീസും ക്‌ളേശിച്ചു.
👁🗨വിശ്വാസവും ആചാരവും സംരക്ഷിക്കാനെന്ന പേരില്‍ ശബരിമലയെ തകര്‍ക്കാനും കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുവര്‍ണാവസരം മുതലാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ പ്രസംഗവും ഇതാണു ലക്ഷ്യമിടുന്നതെന്നും കോടിയേരി.
👁🗨തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്. ഇടുക്കി കുട്ടിക്കാനം പുല്ലുപാറയ്ക്കു സമീപമാണ് അപകടം.
👁🗨പമ്പയിലേക്കു പോകാന്‍ ചെങ്ങന്നൂരിലെത്തിയ മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. സന്നിധാനത്തേക്കു പോകുന്നില്ലെന്നും പമ്പയിലേക്കാണു പോകുന്നതെന്നും പറഞ്ഞങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തുലാമാസ പൂജസമയത്ത് പമ്പയില്‍ എത്തിയിരുന്ന ഇവരുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.
👁🗨ശബരിമല ദര്‍ശനത്തിനു വൃതം അനുഷ്ഠിച്ചിരുന്ന കണ്ണൂരിലെ രേഷ്മ നിഷാന്ത് ദര്‍ശന പരിപാടി ഉപേക്ഷിച്ചു. രഹസ്യമായി ചില സുഹൃത്തുക്കള്‍ക്കൊപ്പം മലകയറാനാണ് തീരുമാനിച്ചിരുന്നത്. ഉച്ചയോടെ വീടിനു സമീപത്ത് പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് പിന്മാറ്റം.
👁🗨ചൊവ്വാഴ്ചവരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലില്‍ ചുഴലി ശക്തിപ്രാപിക്കും. ജനവാസ മേഖലയില്‍ മരങ്ങള്‍ കടപുഴകി വീഴാനും സാധ്യത.
👁🗨രണ്ടാമൂഴം നോവലിന്റെ തിരക്കഥ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എംടിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
👁🗨മതപരമായ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് വി.ടി. ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള ഹിന്ദു എംഎല്‍എമാരുടെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ബല്‍റാം എഴുതിക്കൊടുത്തത്. എന്നാല്‍ ഒഴിവാക്കാതിരുന്നതിനാലും പാര്‍ട്ടി വിപ്പ് നല്‍കിയതിനാലും കഴിഞ്ഞ തവണ വോട്ടുചെയ്‌തെന്നു വി.ടി. ബല്‍റാം.
👁🗨നടന്‍ കെടിസി അബ്ദുള്ള (82) കോഴിക്കോട് അന്തരിച്ചു.
👁🗨സ്വത്തുതര്‍ക്കം മൂലം കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാവ് ബന്ധുവായ പോലീസുകാരന്റെ കുത്തേറ്റു മരിച്ചു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മാധവന്‍ നായര്‍ (68) ആണു കൊല്ലപ്പെട്ടത്. ഭാര്യാ സഹോദരിയുടെ മകനും കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ പോലീസുകാരനുമായ ശ്യാംകുമാറിനെ ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
👁🗨ഗജ ചുഴലിക്കാറ്റുമൂലം തമിഴ്‌നാട്ടില്‍ 46 പേര്‍ മരിച്ചു. നാഗപട്ടണം, വേളാങ്കണ്ണി, തഞ്ചാവൂര്‍, കടലൂര്‍ മേഖലകളില്‍ അനേകം വീടുകള്‍ തകര്‍ന്നു.
👁🗨ചുഴലി ദുരന്തത്തിന് ഇരയായവര്‍ക്കു രജനീകാന്തിന്റെ പാര്‍ട്ടിയായ മക്കള്‍ മണ്‍ഡ്രം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ദുരിതാശ്വാസ വസ്തുക്കളില്‍ രജനീകാന്തിന്റെ ചിത്രം. ഭക്ഷണപ്പൊതി ഉള്‍പ്പെടെയുള്ളവയിലാണ് ചിത്രം പതിപ്പിച്ചത്. രാഷ്ട്രീയ മുതലെടുപ്പെന്ന് ആരോപണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ലോറികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് സ്റ്റിക്കര്‍ പതിച്ചെന്നും ആരോപണമുണ്ട്.
👁🗨കള്ളത്തരം ഒളിക്കാനുള്ളവരാണ് സിബിഐയെ ഭയക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആന്ധ്രപ്രദേശ്, ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐക്കു വിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചാണ് പ്രതികരണം.
👁🗨വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റായ അങ്കിവ് ബയസോയയെ സര്‍വകലാശാലയും പുറത്താക്കി. എബിവിപി നാലു ദിവസം മുമ്പ് പുറത്താക്കിയിരുന്നു.
👁🗨കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവും ആധുനിക ഇന്ത്യക്ക് അടിത്തറ ഒരുക്കുമ്പോള്‍ ബിജെപിയുടെ മാര്‍ഗദര്‍ശികളായ ആര്‍എസ്എസ് സംഘപരിവാറുകാര്‍ ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസിനേയും നെഹ്‌റുവിനേയും നിശിതമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചത്തീസ്ഗഡ് പ്രസംഗത്തിനുള്ള പ്രതികരണമാണിത്.
👁🗨കേന്ദ്ര റവന്യൂ സെക്രട്ടറിയായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒയും ജിഎസ്ടിഎന്‍ ചെയര്‍മാനുമായ എ.ബി.പി. പാണ്ഡെയെ നിയമിച്ചു. ഹസ്മുഖ് അധിയ ഈ മാസാവസാനത്തോടെ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ നിയമനം. റവന്യൂ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവിനെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചു.
👁🗨ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളുമായി തുറന്ന പോരാട്ടത്തിലായിരുന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ സ്ഥലംമാറ്റി. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായാണ് മാറ്റിയത്. മര്‍ദിച്ചെന്ന അന്‍ഷുപ്രകാശിന്റെ പരാതിയില്‍ മുഖ്യമന്ത്രി കേജരിവാള്‍ അടക്കമുള്ളവര്‍വക്കെതിരേയുള്ള കേസ് തുടരുകയാണ്.
👁🗨ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ വീട്ടില്‍ മരിച്ച നിലയില്‍. ഹരിയാനയിലെ പഞ്ചകുളയിലുള്ള ഖൗത്തൗളി ഗ്രാമത്തിലാണു സംഭവം. രക്തത്തില്‍ കുളിച്ച നിലയിലാണു മൃതദേഹങ്ങള്‍.
👁🗨ഒഡീഷയിലെ കൊണാര്‍ക് ക്ഷേത്രത്തിലെ ശില്‍പങ്ങളെക്കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ അഭിജിത് അയ്യര്‍ മിത്രയ്ക്കു മാപ്പു നല്‍കിയെന്നു നിയമസഭയില്‍ പ്രമേയം പാസാക്കി. അഭിജിത് ക്ഷമാപണം നടത്തിയിരുന്നു. കഴിഞ്ഞ മാസം 23 ന് ഈ കേസില്‍ അഭിജിത് അറസ്റ്റിലായിരുന്നു.
👁🗨കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലുള്ള അറുപതു നില കെട്ടിടത്തില്‍ തീപിടിത്തം. 51, 52 നിലകളിലായിരുന്നു തീപിടിത്തം. ആളപായമില്ല.
👁🗨വീണ്ടും ദുരഭിമാനക്കൊല. വീട്ടുകാരുടെ എതിര്‍പ്പു ഗൗനിക്കാതെ വിവാഹിതരായ ദമ്പതികളുടെ മൃതദേഹം നദിയില്‍. കൃഷ്ണഗിരി സ്വദേശികളായ നന്ദേഷ് (25), സ്വാതി (20) എന്നിവരുടെ മൃതദേഹമാണ് ശിവസമുദ്ര വെള്ളച്ചാട്ടത്തിനിരികില്‍ കണ്ടെത്തിയത്. താഴ്ന്ന ജാതിയിലെ യുവാവിനെ വിവാഹംചെയ്തതിന് വധുവിന്റെ പിതാവും ബന്ധുക്കളും കൈകാലുകള്‍ കെട്ടി കാവേരി നദിയില്‍ എറിഞ്ഞതാണെന്നു പോലീസ്.
👁🗨സുക്കറണ്ണന്റെ പണി പോകുമോ? ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥാനമൊഴിയണമെന്ന് മുഖ്യനിക്ഷേപകര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവിന്റെ നിയന്ത്രണത്തിലുള്ള ഒരു പിആര്‍ കമ്പനിക്കു ക്വട്ടേഷന്‍ നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തിനു പിറകേയാണ് രാജി ആവശ്യപ്പെട്ടത്. എതിര്‍ കമ്പനികള്‍ക്കെതിരേ പ്രചാരണം നടത്താനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
👁🗨ഫ്രാന്‍സില്‍ പാചകവാതക വില വര്‍ധനക്കെതിരേ പ്രക്ഷോഭം. സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്കു പരിക്ക്. 120 പേരെ അറസ്റ്റു ചെയ്തു.
👁🗨വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ നാലാം ജയം. ഓസ്‌ട്രേലിയയെ 49 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു 119 റണ്‍സ് മാത്രമേ നേടാനായുള്ളൂ. എട്ടു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.
👁🗨ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. മാധ്യമങ്ങളോടും ആരാധകരോടും ശ്രദ്ധയോടെ ഇടപെടണം, വിനയത്തോടെ പെരുമാറണമെന്നും കോഹ്‌ലിയെ ഉപദേശിച്ചു. വിദേശ താരങ്ങളെ ഇഷ്ടമെന്നു ട്വിറ്ററില്‍ കുറിച്ച ആരാധകനോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.