പ്രവാസികള്‍ക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുന്നു. നവംബര്‍ 15 വരെ മാത്രമേ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വെബ്‍സൈറ്റില്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചിട്ടില്ല.
നേരത്തെയുണ്ടായിരുന്ന അതേ സംവിധാനത്തിലൂടെ തന്നെ ഇപ്പോഴും പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 15ന് അവസാനിച്ചത് പേര് ചേര്‍ക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിന്‍ മാത്രമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. 15വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയാവും ജനുവരിയില്‍ വോട്ടര്‍ പട്ടിക പുറത്തിറക്കുന്നത്. അതിന് ശേഷം അപേക്ഷിച്ചവരുടെ പേരുകള്‍ പിന്നീട് പുറത്തിറങ്ങുന്ന പട്ടികയിലും ഉള്‍പ്പെടും.
ദേശീയ വോട്ടേഴ്സ് സേവന പോര്‍ട്ടലായ www.nvsp.in എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. Apply online for registration of overseas voter എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. പാസ്‍പോര്‍ട്ട് നമ്പര്‍, കാലാവധി, വിസ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ നല്‍കണം. ഫോട്ടോയും പാസ്‍പോര്‍ട്ടിന്റെ ബാധകമായ പേജുകളും സൈറ്റില്‍ അപ്‍ലോഡ് ചെയ്യണം. നിങ്ങളുടെ നാട്ടിലെ വോട്ടര്‍ പട്ടിക പരിശോധിക്കണമെങ്കില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‍സൈറ്റായ http://ceo.kerala.gov.in ഉപയോഗിക്കാം.