മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തുടര്‍ച്ച
തസ്തികകൾ
2015-16 അധ്യയനവര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകളിലും ബാച്ചുകളിലുമായി 662 തസ്തികകള്‍ സൃഷ്ടിക്കാനും 116 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു. ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായാണ് തസ്തികകള്‍ സൃഷ്ടിക്കുക. പുതിയ തസ്തികകളില്‍ 258 എണ്ണം ഹയര്‍സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ആണ്. 2019-20 അധ്യയന വര്‍ഷം മുതലാണ് തസ്തികകള്‍ സൃഷ്ടിക്കുക.
സംസ്ഥാനത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍റ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പഠന വകുപ്പില്‍ 7 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
ഒ.ഡി.ഇ.പി.സി മാനേജിംഗ് ഡയറക്ടറായി കെ.എ. അനൂപിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
ഔട്ടര്‍ റിങ്ങ് റോഡ്
വിഴിഞ്ഞത്തു നിന്ന് പാരിപ്പള്ളി വരെ 80 കി.മീ നീളത്തില്‍ 70 മീറ്റര്‍ വീതിയുള്ള ഔട്ടര്‍ റിങ്ങ് റോഡ് ദേശീയപാത അതോറിറ്റി വഴി നിര്‍മിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. റോഡു നിര്‍മാണത്തിന്‍റെ മുഴുവന്‍ ചെലവും സ്ഥലമേറ്റെടുക്കലിന്‍റെ 50 ശതമാനം ചെലവും ദേശീയപാത അതോറിറ്റി വഹിക്കണമെന്ന വ്യവസ്ഥയില്‍ ധനവകുപ്പിന്‍റെ കണ്ടെത്തലുകള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക. ഈ റോഡില്‍ നിന്ന് മംഗലപുരത്തേക്ക് ലിങ്ക് ഉണ്ടാകും.
ചികിത്സാ സഹായം
2018 ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഖിലയ്ക്ക് (പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്ക് അളവുശേരി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ സഹായമായി 5.29 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച ഏഴു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ സഹായം.
7 സ്റ്റീല്‍ നടപ്പാലങ്ങള
വടകര-മാഹി കനാലിന്‍റെ മൂഴിക്കലിനും തുരുത്തിക്കും ഇടയിലുള്ള 17 കി.മീറ്റര്‍ ഭാഗത്ത് ദേശീയ ജലപാത നിലവാരത്തില്‍ 7 സ്റ്റീല്‍ നടപ്പാലങ്ങള്‍ 8.68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ ഹോംഗാര്‍ഡുമാരുടെ ദിവസവേതനം 750 രൂപയായി (പ്രതിമാസം പരമാവധി 21,000 രൂപ) ഉയര്‍ത്താന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ പ്ലാന്‍റേഷന്‍ ടാക്സ് ഒഴിവാക്കുന്നതിന് 1960-ലെ കേരള തോട്ടം ഭൂമി നികുതി ആക്ട് റദ്ദാക്കുന്നതിന് നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കല്‍) ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
മാലിന്യ സംസ്കരണ പ്ലാന്‍റ്
മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിട്ടു നല്‍കുന്ന ഭൂമിയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് (വേസ്റ്റ് ടു എനര്‍ജി) അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി മൂന്നാര്‍, ദേവികുളം ഗ്രാപഞ്ചായത്തുകളും എ.ജി.ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിങ്ങ് പ്രൈവറ്റ് ലിമിറ്റഡും കണ്ണന്‍ ദേവന്‍ കമ്പനിയും തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.