ആറ്റിങ്ങലിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് 3 പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുടമസ്ഥനായ ആറ്റിങ്ങൽ തോട്ടവാരം സ്വദേശി രവീന്ദ്രൻ (50), ആറ്റിങ്ങൽ സുധാ ഗ്യാസ് ഏജൻസിയിലെ മെക്കാനിക്കുകളായ മുരളി (50), സുധീർ (36) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ സാരമായി പൊള്ളലേറ്റ രവീന്ദ്രൻ ബേൺസ് ഐ സി യു വിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ അഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ആറ്റിങ്ങൽ തോട്ടവാരത്താണ് അപകടം. തോട്ടവാരത്തെ വീട്ടിൽ കേടായ ഗ്യാസ് സ്റ്റൗവിന്റെ തകരാർ പരിഹരിക്കവെ തീ പടർന്നു പിടിച്ചാണ് അപകടമുണ്ടായത്.