നിങ്ങളുടെ പാസ്‌പോർട് നഷ്ടമായോ?; ഉടനടി ഇക്കാര്യങ്ങൾ ചെയ്യണം
പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളമുണ്ട്. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല, ലീവിൽ നാട്ടിൽ വന്നു തിരിച്ചു പോകാനൊരുങ്ങുമ്പോൾ എടുത്തുവെച്ച പാസ്‌പോർട്ട് കാണാനില്ല, വിദേശത്തേക്കുള്ള യാത്രാമദ്ധ്യേ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ? ഇത്തരം അവസ്ഥകൾ വിവരിക്കാതെ തന്നെ അതു നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രതിസന്ധി മനസ്സിലാക്കാം. ഏതെങ്കിലും തരത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടു പോവുക എന്നത് വല്ലാത്തൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഉടമയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തൊരു അവസ്ഥയാകും. അങ്ങനെ ഒരു അന്ധാളിപ്പിന് ഇട നൽകാതെ വളരെ പെട്ടെന്നു തന്നെ പ്രവർത്തിക്കുകയാണ് ആവശ്യം.
എന്താണ് പാസ്‌പോർട്ട്?
ഒരു രാജ്യത്തെ സർക്കാർ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്‌പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്‌പോർട്ട് പ്രതിനിധാനം ചെയ്യുന്നു. കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്‌പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ?
പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ആദ്യത്തെ വഴി പരിഭ്രമിക്കാതെ ഉടനടി തിരയുക, വന്ന വഴികളെല്ലാം തിരയുക. സോഷ്യൽമീഡിയയുടെ പ്രാധാന്യം മനസ്സിലാക്കി സോഷ്യൽ മീഡിയയെ കൃത്യമായി ഉപയോഗിക്കുക പാസ്‌പോർട്ട് കളഞ്ഞുപോയ കാര്യവും വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലോ വാട്‌സാപ്പിലോ പോസ്റ്റ് ചെയ്യുക. ട്വീറ്റ് ചെയ്യുന്നത് ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിയാൽ ആർക്കെങ്കിലും പാസ്‌പോർട്ട് കണ്ടു കിട്ടിയാൽ തിരിച്ചു കിട്ടാനുള്ള സാധ്യത വർധിപ്പിക്കും.
പൊലീസിൽ പരാതി നൽകുക / എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം
ഇന്ത്യയിൽ തന്നെ ഏതെങ്കിലും തരത്തിൽ പാസ്‌പോർട്ട് കളഞ്ഞുപോയാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. എന്താണ് സംഭവിച്ചതെന്ന് പൊലീസിനോട് പറയുക. എഫ്‌ഐആർ പകർപ്പ് നിയമ രേഖയായി നിങ്ങൾക്ക് ലഭിക്കും. പാസ്‌പോർട്ട് കളഞ്ഞു പോയെന്നതിന് നിയമസാധുത ലഭിക്കും. വിദേശത്ത് വെച്ചാണു പാസ്‌പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ അടുത്തുള്ള എംബസിയേയോ കോൺസുലേറ്റിനേയോ സമീപിക്കുക. എംബസിയിലും കോൺസുലേറ്റിലും പാസ്‌പോർട്ട് നഷ്ടപ്പെട്ടു പോയെന്നു കാണിക്കുന്ന ലീഗൽ നോട്ടീസ് പൊലീസ് പരാതി കാണിക്കേണ്ടി വരും. പിന്നീട് ഒരു എമർജൻസി സർട്ടിഫിക്കറ്റിന് എംബസിയിൽ അപേക്ഷ നൽകുക. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. വിദേശത്തുവച്ചാണ് പാസ്‌പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ അവിടെ നിന്ന് പകരം ലഭിക്കുന്ന ഔട്ട്പാസ് എമർജൻസി സർട്ടിഫിക്കറ്റ് ഇവിടുത്തെ വിമാനത്താവളത്തിലോ, തുറമുഖത്തോ കൊടുത്തു വാങ്ങുന്ന സ്ലിപ്പ് സഹിതം വേണം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടിന് അപേക്ഷിക്കുവാൻ.
കൈയ്യിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ കരുതണം.
എംബസിയിൽ ഫോട്ടോ ആവശ്യം വരുമെന്നതിനാൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ എംബസിയിൽ പോകുമ്പോൾ കൈയ്യിൽ കരുതുക. ഇതിനൊപ്പം കളഞ്ഞു പോയ പാസ്‌പോർട്ടിലെ വിവരങ്ങളും കൈമാറേണ്ടി വരും. എമർജൻസി പ്രോസസിംഗ് ഫീസ് എംബസിയിൽ അടയ്‌ക്കേണ്ടി വരും. എമർജൻസി സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിനായി ഒരു നിശ്ചിത തുക എംബസിയിൽ അടയ്‌ക്കേണ്ടി വരും. പാസ്‌പോർട്ടിന്റെ പകർപ്പ് എടുത്തുവെയ്ക്കാൻ മറക്കാതിരിക്കുക. പഴയ പാസ്‌പോർട്ടിന്റെ വിശദാംശങ്ങൾ എമർജൻസി സർട്ടിഫിക്കേറ്റിന് ആവശ്യമായി വരുന്നതിനാൽ പാസ്‌പോർട്ട് എടുക്കുന്ന സമയത്ത് തന്നെ പകർപ്പ് സൂക്ഷിച്ച് എടുത്തുവെയ്ക്കാൻ മറക്കാതിരിക്കുക. പാസ്‌പോർട്ടിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി വീട്ടിൽ സൂക്ഷിക്കുന്നതു എപ്പോഴും നല്ലതാണ്. വിദേശത്ത് ജോലിക്ക് വരുന്നവരും പാസ്‌പോർട്ട് കോപ്പി വീട്ടിൽ ഏൽപിക്കുന്നത് പല അവിചാരിത ഘട്ടങ്ങളിലും പ്രയോജനകരമാണ്.
എക്‌സിറ്റ് വിസ വേണ്ടി വരും
മറ്റൊരു രാജ്യത്തിൽ വെച്ചാണ് പാസ്‌പോർട്ട് നഷ്ടമാകുന്നതെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്ത് നിന്നുള്ള എക്‌സിറ്റ് വിസയ്ക്കുള്ള അപേക്ഷയും നൽകണം. വിമാനത്തിന്റെ സമയത്തിൽ പുനക്രമീകരണം നടത്തുക മറ്റൊരു നാട്ടിലാണെങ്കിൽ ഉടൻ തന്നെ എയർലൈൻ കമ്പനിയുമായി ബന്ധപ്പെടുക. പാസ്‌പോർട്ട് നഷ്ടമായ വിവരം അറിയിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുക. എമർജൻസി സർട്ടിഫിക്കറ്റ് എക്‌സിറ്റ് വിസ അനുസരിച്ച് വേണം വിമാന സമയത്തിൽ മാറ്റം വരുത്താൻ.
പാസ്‌പോർട്ടിന് വേണ്ടി പുതിയ അപേക്ഷ സമർപ്പിക്കുക
പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന എഫ്.ഐ. ആറിന്റെ പകർപ്പോടെ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കുക. ഏതെങ്കിലും തരത്തിൽ പാസ്‌പോർട്ട് കളഞ്ഞുപോയാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻതന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. അതിനൊപ്പം www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന Annexure L പൂരിപ്പിച്ചു നൽകിയാൽ മതി. കുറേ വർഷങ്ങൾക്കു മുൻപാണ് പാസ്‌പോർട്ട് നഷ്ടപ്പെട്ടുപോയതെങ്കിൽ വിവരങ്ങളൊന്നും കയ്യിലില്ലെങ്കിൽ തീർച്ചയായും പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾ ശേഖരിക്കണം. ഏതെങ്കിലും തരത്തിൽ പാസ്‌പോർട്ട് ഓഫീസിൽനിന്ന് വിവരങ്ങൾ ലഭിക്കാതിരുന്നെങ്കിൽ മാത്രമെ പുതിയ പാസ്‌പോർട്ട് അനുവദിക്കുകയുള്ളൂ. പഴയതുപോലെ പാസ്‌പോർട്ട് ഓഫീസിനുമുന്നിലെ നീണ്ട നിരയിൽ കാത്തുനിന്ന് ക്ഷീണിക്കേണ്ട അവസ്ഥയൊന്നും ഇപ്പോഴില്ല. എളുപ്പത്തിൽ പാസ്‌പോർട്ട് ലഭിക്കുന്ന സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ആർക്കും എളുപ്പത്തിൽ പാസ്‌പോർട്ട് എടുക്കാം. അതിന്റെ നടപടിക്രമങ്ങളും ലളിതമാണ്.
പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടവ
1. നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ
2. ജനനത്തീയതി തെളിയിക്കുന്ന രേഖ
3. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
4. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് എങ്ങനെയെന്നും എവിടെവച്ചെന്നും കാണിക്കുന്ന സത്യവാങ്മൂലം
5. പൊലീസിനു നല്‍കിയ പരാതിയുടെ യഥാര്‍ഥകോപ്പി.
പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും www.passportindia.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം