Peruvayal News

Peruvayal News

നൂറിന്റെ നിറവിൽ മൊഞ്ചോടെ ഹസനിയ എ.യു.പി സ്കൂൾ

നൂറിന്റെ നിറവിൽ മൊഞ്ചോടെ ഹസനിയ എ.യു.പി സ്കൂൾ


സമ്പൂർണ സ്മാർട്ട് ക്ലാസ് റൂമുകളായി


കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ മുട്ടാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളായ പുല്ലാളൂർ, പൈമ്പാലശ്ശേരി, പൊയിൽതാഴം, ചാത്തനാറമ്പ് ,ചോലക്കര ത്താഴം, പള്ളിത്താഴം കരയത്തിങ്ങൽ പ്രദേശങ്ങളിലെ ആയിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ നൂറിന്റെ നിറവിൽ ശതാബ്ദി ആഘോഷിക്കുന്നു.

   ഓത്തുപുരകൾ നിലവിലുണ്ടായിരുന്ന കാലത്ത് മുട്ടാഞ്ചേരി പൂവ്വത്തും പുറായിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിയാണ് പിൽകാലത്ത് ഹസനിയ സ്കൂളായി മാറിയത്. 1916ൽ ശിശു ക്ലാസായി കുന്നനാംകുഴിയിൽ കുഞ്ഞിമൊയ്തീൻ കുട്ടി മൊല്ലയും കുരിക്കത്തും പറമ്പത്ത് കുട്ടിഹസ്സൻ ഹാജിയുമാണ് ശിശുക്ലാസിന് തുടക്കമിട്ടത്.തുടർന്ന് 1918 ൽ ഇന്നത്തെ എൽ.പി സ്കൂളിന് തുല്യമായ ലോവർ എലമെന്ററി ക്ലാസ് ആരംഭിച്ചു.കെ ഉക്കാരുട്ടിനായർ ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. 1937 ൽ പി കെ ഹസ്സൻ മൊല്ല സാഹിബ് അധ്യാപകനും മാനേജരുമായതോടെയാണ് സ്കൂൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവിണ്യമുണ്ടായിരുന്ന അദ്ദേഹം സ്ത്രീവിദ്യാഭ്യാസത്തിന് പ്രത്യേകം താല്പര്യമെടുത്തു.ഹസ്സൻ മൊല്ല സാഹിബിന് ശേഷം പ്രധാന അധ്യാപകനായി കെ.പി പെരവൻ മാസ്റ്റർ ചാർജ്ജ് എടുത്തതോടെ സ്കൂളിന്റെ യശസ്സ് വാനോളം ഉയർന്നു. മാപ്പിള കലകളുടെ കേന്ദ്രമായിരുന്നു എന്നും ഈ വിദ്യാലയം.  കോൽക്കളി, ഒപ്പന, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഹസനിയ മിന്നിത്തിളങ്ങി. പിൽകാലത്ത് പെരവൻ മാസ്റ്റർ ഈ കലകളുടെ സംസ്ഥാന തല വിധികർത്താവായി അറിയപ്പെട്ടിരുന്നു.പി.കെ ഹമീദ് മാസ്റ്റർ പ്രധാന അധ്യാപകനായ കാലത്താണ് മറ്റെവിടെയുമില്ലാത്ത ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്കും എല്ലാ ക്ലാസിലും മാതൃഭാഷ നിർബന്ധമായി നടപ്പിലാക്കിയതും.

2002 ൽ മടവൂർ സി.എം മഖാം ഓർഫനേജ് കമ്മറ്റി  ഏറ്റെടുത്തതോടെയാണ് സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുന്നത്‌. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി  മൂന്ന് നില കെട്ടിടങ്ങൾ പണിയുകയും നാല്പതോളം ആധുനികവൽകരിച്ച ക്ലാസ് മുറികൾ പണിയുകയും ചെയ്തു.മികവുറ്റ സ്മാർട്ട് ക്ലാസ് റൂമുകൾ, സൗജന്യ ബസ് സർവ്വീസ് ,ആവശ്യത്തിന് ടോയ്ലറ്റുകൾ, കുടിവെള്ളം, കളിസ്ഥലങ്ങൾ, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം ,കിച്ചൺ എന്നിവ നിർമ്മിച്ചത് പുതിയ മാനേജ്മെന്റാണ്.

വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ല്യാർ പ്രസിഡന്റും യു.ഷറഫുദ്ദീൻ മാസ്റ്റർ ജനറൽ സെക്രട്ടറിയും മൂത്താട്ട് അബ്ദുറഹ്മാൻ മാസ്റ്റർ ട്രെഷററും കെ.എം മുഹമ്മദ് മാസ്റ്റർ കൺവീനറുമായ വിദ്യാഭ്യാസ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

  35 ഡിവിഷനിലായി പ്രീ പ്രൈമറി ഉൾപ്പടെ ആയിരത്തോളം വിദ്യാർത്ഥികളും 45 അധ്യാപകരുമാണ് സ്ഥാപനത്തിൽ ഇപ്പോഴുള്ളത്.

നൂറാം വാർഷികത്തിന്റെ ഭാഗമായി മാനേജ്മെന്റ് നിർമ്മിച്ച സ്റ്റേജ് , സമ്പൂർണ സ്മാർട്ട് ക്ലാസ് റൂം, നൂറ് ഹോം ലൈബ്രറി, മാപ്പിളപ്പാട്ട് ശില്പശാല, പെരവൻ മാസ്റ്റർ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല കോൽക്കളി, ഓർമ്മച്ചെപ്പ് പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, ഫുഡ് ഫെസ്റ്റ്, ഫോട്ടോ പ്രദർശനം, ചിത്രരചന ക്യാമ്പ് ,ഹസനിയ സൂപ്പർ ലീഗ്, നഴ്സറി കലോത്സവം ,ടാലന്റ് സെർച്ച് പരീക്ഷ തുടങ്ങിയ പരിപാടികൾ നടക്കും.

  ഫിബ്രവരി 2 ശനി രാവിലെ 10 മണിക്ക് പഠനോത്സവം നടക്കും.വൈകീട്ട് 3 മണിക്ക് നൂറാം വാർഷിക പ്രഖ്യാപനവും സ്റ്റേജും കമ്പ്യൂട്ടർ ലാബും എം.കെ രാഘവൻ എം.പി യും സ്മാർട്ട് ക്ലാസ് റൂം കോംപ്ലക്‌സ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും നൂറാം വാർഷികത്തിന് 100 ഹോം ലൈബ്രറി ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്ററും ഉദ്ഘാടനം ചെയ്യും.മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ഹസീന അധ്യക്ഷം വഹിക്കും.

വാർത്താ സമ്മേളനത്തിൽ മാനേജ്മെൻറ് സെക്രട്ടറി യു.ഷറഫുദ്ദീൻ മാസ്റ്റർ, സ്വാഗത സംഘം ചെയർമാൻ വി.സി.റിയാസ് ഖാൻ, മൂത്താട്ട് അബ്ദുറഹ്മാൻ മാസ്റ്റർ, കെ.എം മുഹമ്മദ് മാസ്റ്റർ, എ.പി നാസർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലി, ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ.ആർ റസാഖ്, കൺവീനർ എ.അനീസ് തുടങ്ങിയവർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live