സ്കൂൾ വിദ്യാഭ്യാസ ഏകീകരണം അടുത്ത അധ്യയനവർഷംമുതൽ
തിരുവനന്തപുരം: പ്രീപ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ വിദ്യാഭ്യാസം ഒറ്റഭരണസംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വിദഗ്ധസമിതി ശുപാർശകൾ അടുത്ത അധ്യയനവർഷംമുതൽ നടപ്പാക്കിയേക്കും. റിപ്പോർട്ടിനോട് സർക്കാരിന് തത്ത്വത്തിൽ യോജിപ്പാണ്. ഇത് വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരും. റിപ്പോർട്ടിലെ നടപ്പാക്കാവുന്ന നിർദേശങ്ങൾ അടുത്ത അധ്യയനവർഷത്തോടെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കാരവും ഭരണസംവിധാന ഏകീകരണവും നടപ്പാകുമ്പോൾ അധ്യയന, അധ്യാപന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധസമിതി ശുപാർശകൾ നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസച്ചട്ടത്തിലും മറ്റും ഭേദഗതികൾ വേണം. ഇതിനുമുമ്പ് ധനകാര്യ, നിയമ വകുപ്പുകളുടെ പരിശോധനയും ആവശ്യമാണ്. കൂടുതൽ തസ്തിക സൃഷ്ടിക്കേണ്ടിവരും. ഇവ പൂർത്തിയാക്കാൻ സമയമെടുക്കുമെങ്കിലും അടുത്ത അധ്യയനവർഷം തുടക്കംമുതൽ നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. യോഗ്യത ബിരുദമാക്കൽ, പത്ത് വർഷമെടുക്കും ഏഴാംക്ലാസുവരെ പഠിപ്പിക്കാൻ ബിരുദവും സെക്കൻഡറിമുതൽ ബിരുദാനന്തരബിരുദവും അടിസ്ഥാനയോഗ്യതയാക്കണമെന്ന ശുപാർശ നടപ്പാക്കാൻ 10 വർഷമെങ്കിലുമെടുക്കും. നിലവിൽ പ്ലസ്ടു കഴിഞ്ഞ് ഡി.എഡും (പഴയ ടി.ടി.സി.), ബിരുദം കഴിഞ്ഞ് ബി.എഡും പഠിച്ച വലിയൊരു വിഭാഗം ഉദ്യോഗാർഥികളുണ്ട്. അതിനാൽ വിദ്യാഭ്യാസയോഗ്യത മാറ്റുന്നതിന് കാലതാമസമെടുക്കും. നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യുക്കേഷന്റെ അനുമതിയും വേണം. പത്തുവർഷം കഴിഞ്ഞാൽ ബിരുദ സ്കീമിലേക്ക് അധ്യാപകയോഗ്യത മാറ്റണമെന്ന് എൻ.സി.ടി.ഇ.യോട് ആവശ്യപ്പെടണമെന്ന നിർദേശമാണ് സമിതി മുന്നോട്ടുവെച്ചത്. ത്രിതല വിദ്യാഭ്യാസ ഓഫീസ്
റവന്യൂ ജില്ലാതലത്തിൽ വരുന്ന ജോയന്റ് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷനായിരിക്കും പ്രധാന വിദ്യാഭ്യാസ ഓഫീസ്.
ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയ്ക്കുകീഴിൽ വരുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ചുള്ളതാണ് രണ്ടാംതട്ട്. സ്കൂൾ എജ്യുക്കേഷൻ ഓഫീസാണിത്.
ഗ്രാമപ്പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസുമുണ്ടാകും.
ഡി.ഡി., ഡി.ഇ.ഒ., എ.ഇ.ഒ. ഓഫീസുകൾ, വിവിധ ഡയറക്ടറേറ്റുകൾ എന്നിവ പഴങ്കഥയാകും.
ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള സ്കൂളുകളിൽ ഹയർ സെക്കൻഡറിയിൽനിന്നായിരിക്കും പ്രിൻസിപ്പൽ.
നിലവിലുള്ള ഹെഡ്മാസ്റ്റർമാർക്ക് സംരക്ഷണമുണ്ടാകുമെങ്കിലും ഹൈസ്കൂൾ അധ്യാപകർ സ്കൂൾ മേധാവിയാകുന്നതിനുള്ള സാധ്യത മങ്ങും.
ഹയർ സെക്കൻഡറി അധ്യാപകസംഘടനകൾ ആശങ്കയിൽ ഹയർ സെക്കൻഡറി മേഖലയിലെ അധ്യാപകർക്കാണ് ഈ നിർദേശത്തോട് കാര്യമായ ആശങ്കയുള്ളത്.
ഹയർ സെക്കൻഡറിക്കാർക്കുള്ള മേൽക്കോയ്മ നഷ്ടപ്പെടുമോയെന്ന സംശയമാണ് ഇതിന് കാരണം. ക്രമേണ ഇത് ശമ്പളഘടനയെയും ബാധിക്കുമെന്ന ആശങ്കയും അവർക്കുണ്ട്. ഹൈസ്കൂളിലും ബിരുദാനന്തരബിരുദം നിർബന്ധമാക്കുമ്പോൾ സെറ്റ് പരീക്ഷയുടെ അന്തരമേ ഇരുകൂട്ടരും തമ്മിലുണ്ടാകൂ.
11, 12 ക്ലാസുകൾ ഹയർ സെക്കൻഡറിയെന്നതുമാറ്റി എട്ടുമുതൽ പന്ത്രണ്ടുവരെ സെക്കൻഡറിയാക്കുന്നത് തരംതാഴ്ത്തലായും അവർ കാണുന്നു. പ്രൈമറി, സെക്കൻഡറി അധ്യാപകരുടെ ശമ്പള സ്കെയിലുകളുടെ അനുപാത ക്രമം ശമ്പളപരിഷ്കാരത്തിൽ വന്നാൽ തങ്ങൾക്കാകും നഷ്ടമെന്നും അവർ ഭയക്കുന്നു. സമരത്തിനിറങ്ങും ഹയർ സെക്കൻഡറിയെ തകർക്കാനുള്ള റിപ്പോർട്ടിനെതിരേ സമാനചിന്താഗതിക്കാരെ ഒരുമിപ്പിച്ച് സമരങ്ങൾക്കും നിയമനടപടികൾക്കും മുന്നിട്ടിറങ്ങും. സെക്കൻഡറി പ്രിൻസിപ്പൽ, ലോവർ സെക്കൻഡറി പ്രിൻസിപ്പൽ, പ്രൈമറി പ്രിൻസിപ്പൽ, ലോവർ പ്രൈമറി പ്രിൻസിപ്പൽ എന്നിങ്ങനെ ഒട്ടനവധി അധികാരകേന്ദ്രങ്ങളെ സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ലക്ഷ്യം -ബി. മോഹൻകുമാർ, എസ്. മനോജ് (എ.എച്ച്.എസ്.ടി.എ.) ഉടൻ നടപ്പാക്കണം റിപ്പോർട്ട് ഉടൻ നടപ്പാക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കുന്നതിനും മതനിരപേക്ഷമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനും ഈ മാറ്റങ്ങൾ സഹായിക്കും -കെ.സി. ഹരികൃഷ്ണൻ, കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ഗുണനിലവാരം ഉയർത്തും അധ്യാപകരുടെ യോഗ്യത ബിരുദമാക്കിയതുൾപ്പെടെയുള്ള നിർദേശങ്ങൾ ഗുണനിലവാരം ഉയർത്തും. പ്രീപ്രൈമറി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായതും ഏകീകൃതരൂപം കൊണ്ടുവരുന്നതും നല്ലതാണ്. പരീക്ഷാഭവന്റെ ഏകീകരണം ഉപരിപഠനസാധ്യതകൾ കൂട്ടും -എൻ. ശ്രീകുമാർ, എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി.