Peruvayal News

Peruvayal News

പരീക്ഷയെ ഭയക്കേണ്ട; ഇതാ ചില ടിപ്സ്

പരീക്ഷയെ ഭയക്കേണ്ട; ഇതാ ചില ടിപ്സ്


പല വിദ്യാർഥികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. അത്തരം കുട്ടികൾക്കായി ചില നിർദ്ദേശങ്ങൾ താഴെ..


∙ വീട്ടിലായാലും സ്കൂളിലായാലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ശരീരത്തിനുള്ള ഊർജം പകരുന്നതിൽ വെള്ളത്തിനുള്ള പങ്ക് നിർണായകമാണ്. ദിവസവും 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് അഭികാമ്യം.


∙ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ആഹാരം കഴിക്കാനും ശീലമാക്കുക. പരീക്ഷസമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും നാരുള്ള ഭക്ഷണ പദാർഥങ്ങൾ ഉൾപ്പെട്ട സമീകൃത ആഹാരം ശീലമാക്കുക.


∙ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായി കഴിച്ചാൽ ക്ഷീണവും ഉറക്കവും തോന്നാം. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക.


∙ ജങ്ക്ഫുഡ് ഒഴിവാക്കുക. പകരം പഴങ്ങൾ, നട്സ്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വിശപ്പിനെ മെരുക്കാൻ ഇഷ്ടമുള്ള പഴങ്ങളും ‍ബദാം, വാൾനട്ട് എന്നിവ പോലുള്ള ഡ്രൈ ഫ്രൂട്സും കഴിക്കാം.


∙ ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക. കാപ്പിയിൽ കഫീൻ ഉള്ളതിനാൽ അമിതമായാൽ ഉറക്കത്തെ ബാധിക്കും.


∙ പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പം മത്സ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.


∙ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.


മാതാപിതാക്കൾ അറിയാൻ:


∙ ‘എരിതീയിൽ എണ്ണ ഒഴിക്കരുത്’. പരീക്ഷക്കാലം അടുക്കുമ്പോൾ കുട്ടികൾ സ്വഭാവികമായും ചെറിയ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകും. അവ മനസ്സിലാക്കി അതിനനുസൃതമായി പ്രവർത്തിക്കേണ്ടത് മാതാപിതാക്കളാണ്.


∙ പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. തമാശകൾ പങ്കു വയ്ക്കുന്നത് മുതൽ ഇഷ്ടഭക്ഷണം പാകം ചെയ്തു നൽകുന്നത് വരെ വിദ്യാർഥികളുടെ ഉത്കണ്ഠ കുറയ്ക്കും.


∙ കുട്ടികളെ അടുത്തറിയാൻ ശ്രമിക്കുക. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഏത് വിഷയത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത് എന്നതു മുതൽ കുട്ടികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാൻ വരെ സമയം മാറ്റി വയ്ക്കുക.


∙ കുട്ടികൾക്ക് മാനസിക സമ്മർദമുണ്ടോയെന്ന് മനസ്സിലാക്കുക. അമിതമായി വിയർക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അടിക്കടി ബാത്ത്റൂമിൽ പോവുക, ഉറക്കമില്ലാതിരിക്കുക എന്നിവ കണ്ടാൽ കുട്ടിയുമായി ശാന്തമായി സംസാരിക്കുക. സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ?


‌∙ മാതാപിതാക്കളുടെ സമ്മർദവും പ്രതീക്ഷകളും കുട്ടികളെ ബാധിക്കരുത്. ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. പരീക്ഷയെക്കാൾ എന്നും പ്രഥമസ്ഥാനം മക്കൾക്കാവണം


Don't Miss
© all rights reserved and made with by pkv24live