ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കാൻ ഫാർമേഴ്സ് മീറ്റ്
ഔഷധസസ്യങ്ങൾ ആരോഗ്യത്തിനും ആദായത്തിനും എന്ന പ്രചരണവുമായി 15 മുതൽ 19 വരെ ഇൻറർനാഷണൽ ആയുഷ് കോൺക്ളേവ് കനകക്കുന്നിൽ നടക്കും. അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ
പ്രധാന ഇനങ്ങളിൽ ഒന്നായ ഔഷധസസ്യ കർഷകസംഗമം 18 ന് കനകക്കുന്ന് പാലസ് ഹാളിലാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന ഔഷധ സസ്യ ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭത്തിൽ ഔഷധസസ്യ പരിചയം, ശാസ്ത്രീയമായ ഔഷധസസ്യകൃഷി ,ഔഷധ സസ്യ സംരക്ഷണം, പരിപാലനം, വിപണനസാധ്യതകൾ തദ്ദേശ സ്വയംഭരണ തലത്തിലുള്ള മറ്റ് സാധ്യതകൾ, ഔഷധസസ്യ ബോർഡ് ന്റെ പ്രവർത്തനങ്ങൾ എന്നീ വിഷയത്തിൽ വിദഗ്ധർ സംസാരിക്കുന്നു. ഔഷധകൃഷിയിൽ താല്പര്യമുള്ള ഇരുന്നൂറോളം കർഷകർ പങ്കെടുക്കുന്ന ഈ മീറ്റിൽ അവരുടെ അനുഭവങ്ങൾ,കൃഷിയുമായും വിപണനവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചചെയ്യപ്പെടുന്നു. ദേശീയ ഔഷധസസ്യ ബോർഡ് പ്രതിനിധിയുടെ സാന്നിധ്യവും മീറ്റിൽ ഉണ്ടാകും .ഔഷധസസ്യകൃഷിയും വിപണനവും ഗയാസ്ട്രബിൾ വിജയകരമായി നടത്തിവരുന്ന കർഷക സംഘങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അവരുടെ അനുഭവം പങ്കു വെക്കും. നിലവിലുള്ള കർഷകരെ ശക്തരാക്കുക, പുതു സംരംഭകരെ പ്രോത്സാഹിപ്പിക്കുക, അതിലൂടെ ’ഔഷധസസ്യം ആരോഗ്യത്തിനും ആദായത്തിനും’ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതാണ് ഈ മീറ്റിന്റെ പ്രമേയം. മീറ്റിൽ കർഷകരുടെ ഉത്പന്നങ്ങൾക്കായി ഒരു ലഘു പ്രദർശനവും ഒരുക്കിയിട്ടുണ്ട്.