സന്ദേശങ്ങളുടെ സ്വകാര്യത കൈവിടില്ലെന്ന് വ്യക്തമാക്കി വാട്‌സാപ്പ്
വാട്സാപ്പ് പ്ലാറ്റ്ഫോമിൽ ആശയവിനിമയങ്ങളുടെ സ്വകാര്യ സ്വഭാവം തുടരുമെന്നും പരസ്യ ആശയവിനിമയങ്ങൾക്കുള്ള ഇടമാവില്ലെന്നും വ്യക്തമാക്കി കമ്പനി. വ്യാജവാർത്തകളുടെ പ്രചാരണം നടക്കുന്നു എന്ന ആരോപണത്തിന്റെ പേരിൽ ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് വാട്സാപ്പ് സന്ദേശങ്ങളിലേക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നതിനുവേണ്ടിയാണ് വാട്സാപ്പ് നിർമിച്ചിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റിലും രണ്ടുപേർ തമ്മിലുള്ള ചാറ്റിലും എന്റ് റ്റു എന്റ് എൻക്രിപ്ഷനും നൽകിയിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് വേണ്ടിയാണ് വാട്സാപ്പ് ഇപ്പോഴും ഉപയോഗിക്കുന്നത്. 90 ശതമാനം ആശയവിനിമയങ്ങളും അത്തരത്തിലുള്ളതാണ്. ഭൂരിഭാഗം ഗ്രൂപ്പുകളിലും പത്ത് അംഗങ്ങൾ മാത്രമാണുള്ളത്. ഗ്രൂപ്പുകളിൽ 257 ആളുകൾ എന്ന പരിധിയും നൽകിയിട്ടുണ്ട്. വാട്സാപ്പിലെ ആന്റി-സ്പാം എഞ്ചിനീയറിങ് ടീം മേധാവി മാറ്റ് ജോൺസ് ന്യൂഡൽഹിയിൽ പറഞ്ഞു. പരസ്യ ആശയവിനിമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു സന്ദേശം എത്രയാളുകൾക്ക് അയക്കാം എന്നതിന് ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്. ഉപയോക്താക്കൾക്ക് ഒരു മെഗാഫോൺ നൽകാനല്ല ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ജോൺസ്. ഓട്ടോമേറ്റഡ് സന്ദേശങ്ങളും ബൾക്ക് സന്ദേശങ്ങളും കണ്ടെത്താൻ മെഷീൻ ലേണിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വാട്സാപ്പ് ഒരു ബ്രോഡ്കാസ്റ്റിങ് പ്ലാറ്റ് ഫോം അല്ല എന്ന് രാഷ്ട്രീയ പാർട്ടികളോടും തങ്ങൾ പറയുന്നുണ്ടെന്ന് വാട്സാപ്പ് കമ്മ്യൂണിക്കേഷൻ മേധാവി കാൾ വൂഗ് പറഞ്ഞു. എന്റ് റ്റു എന്റ് എൻക്രിപിഷൻ നീക്കം ചെയ്യുക സാധ്യമല്ലെന്ന് വ്യക്തമാക്കിയ വൂഗ്, അങ്ങനെ ചെയ്യേണ്ടി വന്നാൽ വാട്സാപ്പ് മറ്റൊരു ഉൽപ്പന്നമായിമാറുമെന്നും അദ്ദേഹം പറഞ്ഞു.