കളമശേരി-വല്ലാർപ്പാടം കണ്ടെയ്നർ റോഡിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി.
🖍കൊച്ചി: കളമശേരി-വല്ലാർപ്പാടം കണ്ടെയ്നർ റോഡിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി. ഇതിനായുള്ള വിജ്ഞാപനം അതോറിറ്റി പുറത്തിറക്കി. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ ഒരുദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയും ടോൾ നൽകണം. ബസുകൾക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരുദിശകളിലേക്കുമായി 240 രൂപയും ഈടാക്കും. മറ്റു വലിയ വാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 250 രൂപയും ഏഴ് ആക്സിലുകളിൽ കൂടുതലുള്ള വലിയ വാഹനങ്ങൾക്ക് ഒരുദിശയിലേക്ക് 305 രൂപയും ഇരുദിശയിലേക്കുമായി 460 രൂപയും ടോൾ നൽകണം. 909 കോടി രൂപ ചിലവഴിച്ചാണ് കണ്ടെയ്നർ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതിന്റെ 40 ശതമാനമെങ്കിലും ടോൾപിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം. അതേസമയം എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ടോൾ തുകയിൽ നേരിയ ഇളവ് നൽകിയേക്കും. പൊന്നാരിമംഗലത്തെ ടോൾ പ്ലാസയിൽ നേരത്തെ ടോൾ പിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കാതെയും കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിങിന് തടയിടാതെയുമാണ് ടോൾപിരിവ് ആരംഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.