കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി തള്ളി; നിയമനം പിഎസ് സി വഴി മാത്രം : ഹൈക്കോടതി
കൊച്ചി: കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എംപാനല്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം പോലും അനുവദിച്ചില്ലെന്നും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരോടുപോലും കെഎസ്‌ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. പിഎസ് സി അഡൈ്വസ് മെമ്മോ കിട്ടിയവരുടെ അപ്പീല്‍ അംഗീകരിച്ച കോടതി കെഎസ്‌ആര്‍ടിസി ഒഴിവുകള്‍ പിഎസ് സി വഴി നികത്തണമെന്നും നിര്‍ദ്ദേശിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കേസിലെ വിധി കെഎസ്‌ആര്‍ടിസിക്ക് ബാധകമാണെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതിയുടെ ശാസനത്തെ തുടര്‍ന്നായിരുന്നു പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും കെഎസ്‌ആര്‍ടിസി കൂട്ടത്തോടെ പിരിച്ചു വിട്ടത്. അതേസമയം, 480 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടുക്കലാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.