Peruvayal News

Peruvayal News

ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങി

ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങി

തിരുവനന്തപുരം 


കേരളത്തിലെ ഏറ്റവും വിശാലമായ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്  സെന്റര്‍ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഫിറ്റ്‌നസ് സെന്റര്‍ കായിക  മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വിധത്തിലാണ് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തിക്കുക. 337 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഫിറ്റ്‌നസ് സെന്ററില്‍ ഒരേ സമയം 50 പേര്‍ക്ക് വ്യയാമത്തില്‍ ഏര്‍പ്പെടാനാകും.


വിദേശത്ത്‌നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങളാണ് ഫിറ്റ്‌നസ് സെന്ററിലുള്ളത്. രാവിലെ അഞ്ച് മുതല്‍ വൈകീട്ട് 11 വരെ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തിക്കും. ഫിറ്റ്‌നസ് സെന്ററില്‍ നിന്നും ലഭിക്കുന്ന വരുമാനം കായിക യുവജനകാര്യാലയത്തിന്റെ കീഴിലുള്ള വിവിധ കായിക അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിനാണു ഉപയോഗിക്കുക. കായികയുവജനകാര്യാലയത്തിന്റെ കായിക എന്‍ജിനീയറിങ്ങ് വിഭാഗമാണ് 54 ലക്ഷം രൂപ ചെലവില്‍ ഫിറ്റ്‌നെസ് സെന്റര്‍  ഒരുക്കിയത്. 


പൊതുജീവിതത്തിലും കായികജീവിതത്തിലും വ്യായാമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങാന്‍ കായിക വകുപ്പ് തീരുമാനിച്ചത്. ഇത്തരത്തില്‍ ഒമ്പത് ഫിറ്റ്‌നസ് സെന്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടങ്ങുന്നത്.  കായിക മേഖലയുടെ സമഗ്ര വളര്‍ച്ചക്ക് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. ഈ ലക്ഷ്യം സാക്ഷാത്കാരിക്കാന്‍ സംസ്ഥാന വ്യപാകമായി പുതിയ സ്റ്റേഡിയങ്ങള്‍, സിന്തറ്റിക് ട്രക്കുകള്‍ തുടങ്ങിയവ നിര്‍മിച്ച് വരികയാണ്. അതിന്റ ഭാഗമാണ് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകളും എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. 


ചടങ്ങില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ എടുത്ത് പറയുകയും കായികവകുപ്പിനെയും മന്ത്രിയെയും എം.എല്‍.എ അഭിനന്ദിക്കുകയും ചെയ്തു. കായിക മേഖലയുടെ വികസനത്തിനായി നിരവധി ദീര്‍ഘകാല പദ്ധതികള്‍ കായിക വകുപ്പ് നടപ്പാക്കുന്നുണ്ട്. കായിക മേഖലക്കായി സംസ്ഥാന ബജറ്റില്‍ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. കിഫ്ബി വഴി 529 കോടിയുടെ സഹായം കായിക വകുപ്പിനു മാത്രമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


 ..............................................................................................................


കായിക താരങ്ങള്‍ക്ക്  സൗജന്യം 


കായിക യുവജനകാര്യ വകുപ്പിന് കീഴിലുള്ള ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെയും, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെയും, സ്‌പോര്‍ട്‌സ്  കൗണ്‍സിലിനു കീഴിലുള്ള വിവിധ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെയും കായിക വിദ്യര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ നിശ്ചിത സമയത്  ഫിറ്റ്‌നസ് സെന്റര്‍ സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാകും. കൂടാതെ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരും പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരുമായ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും സൗജന്യമായി ഫിറ്റ്‌നസ് സെന്റര്‍ ഉപയോഗിക്കാനാകും.

Don't Miss
© all rights reserved and made with by pkv24live