യുവ എഴുത്തുകാര്‍ക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ബാലസാഹിത്യശില്പശാലയിലേക്ക് അപേക്ഷിക്കാം.
കുട്ടികള്‍ക്കായി എഴുതാന്‍ താത്പര്യമുള്ള 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു ദിവസത്തെ ബാലസാഹിത്യശില്പശാലകള്‍ സംഘടിപ്പിക്കുന്നു. വടക്കന്‍മേഖല (കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ), മധ്യമേഖല(മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ), തെക്കന്‍മേഖല (ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ) എന്നിങ്ങനെ മൂന്ന് ശില്പശാലകളാണ്‍ നടക്കുക. അതത് മേഖലകളിലെ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് ശില്പശാലയിലേക്കു പ്രവേശനം. ബാലസാഹിത്യമേഖലയിലെ വിവിധ വിഷയങ്ങള്‍ ശില്പശാലകളില്‍ കൈകാര്യം ചെയ്യും. ശാസ്ത്രം, വൈജ്‍ഞാനികം, കഥ, കവിത, നാടകം തുടങ്ങിയ മേഖലകളില്‍ ബാലസാഹിത്യമെഴുതാന്‍ താത്പര്യമുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ഒരു ക്യാമ്പില്‍ 50 പേര്‍ക്കു മാത്രമാണ് പ്രവേശനം. രണ്ടു ദിവസവും പൂര്‍ണ്ണമായും പങ്കെടുക്കാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ സ്വയം തയ്യാറാക്കിയതും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമായ ഒരു ബാലസാഹിത്യരചന കൊണ്ടുവരേണ്ടതാണ്. താത്പര്യമുള്ളവര്‍ക്ക് http://ksicl.org എന്ന വെബ്‍സൈറ്റ് വഴി ഫെബ്രുവരി 4 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതീയതി ഫെബ്രുവരി 10.