ടിക് ടോക് നിയന്ത്രിക്കും, ചൈനീസ് ആപ്പുകൾക്ക് പൂട്ടിടുമെന്ന് കേന്ദ്രം.
കുറഞ്ഞ കാലത്തിനിടെ ഇന്ത്യയിൽ വൻ ജനപ്രീതി നേടിയ ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ നീക്കം നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉപയോക്താക്കളുടെ ഉള്ളക്കം കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ വരിക്കാരുള്ള ആപ്പുകളെയാണ് നിയന്ത്രിക്കുക. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിലൊന്ന്.
സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.
എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. മറ്റു ചൈനീസ് ആപ്പുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്.