തൈറോയ്ഡ് ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്
ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥിയാണ് തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോര്‍മോണ്‍ ആണ്.
തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.
ഹൈപ്പോതൈറോയ്ഡിസം
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, ടി-4 ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഇത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്. ഹോര്‍മോണിന്റെ തോത് കുറയുന്നതിന്റെ ഫലമായി ആളുകളില്‍ അമിതമായി ക്ഷീണം, ഭക്ഷണം കഴിക്കുന്നില്ലെങ്കിലും അമിതവണ്ണം ഉണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു.
ടി-3,ടി-4 ഹോര്‍മോണുകള്‍ കുറയുന്നതിലൂടെ സ്ത്രീകളില്‍ ആര്‍ത്തവം ക്രമം തെറ്റാനും ആര്‍ത്തവ ദിവസങ്ങളില്‍ അമിതരക്തസ്രാവം ഉണ്ടാവാനും വഴിയൊരുക്കും. വന്ധ്യതയ്ക്കുള്ള വലിയ സാധ്യതയും ഈ അവസ്ഥയില്‍ ഉണ്ടാവുന്നുണ്ട്. മലബന്ധം, ശബ്ദത്തിന് പതര്‍ച്ച, അമിത തണുപ്പ്, മുഖത്തും കാലിനും നീരുകെട്ടുക, മുടികൊഴിയുക തുടങ്ങിയവ ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാവാം.
ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം. കൂടാതെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുറവ് എന്നിവയും പ്രകടമായേക്കാം.
ഹൈപ്പര്‍തൈറോയ്ഡിസം
തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗമായ ഗ്രേവ്‌സ് ആണ്. പാരമ്പര്യമായും രോഗം വരാം. അമിതക്ഷീണം, അതിയായ വിശപ്പ്, ആഹാരം കൂടുതല്‍ കഴിച്ചിട്ടും തൂക്കം കുറയുക, അമിത ഹൃദയമിടിപ്പ്, വിറയല്‍, അധിക വിയര്‍പ്പ്, ഉഷ്ണം സഹിക്കാന്‍ ത്രാണിയില്ലായ്മ, ആകാംക്ഷ, ഉറക്കക്കുറവ്,
ഇവയൊക്കെ ലക്ഷണങ്ങൾ ആണ്.
തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്