Peruvayal News

Peruvayal News

19-03-1998 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ - ചരമദിനം

19-03-1998


ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ - ചരമദിനം

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും

ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ( ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.


ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു.


ജനനം


1909 ജൂൺ 13-ന് (1084 ഇടവം 30) ഇന്നത്തെ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു . ഇല്ലത്തിന്റെ പേരും പ്രശസ്തിയും വഴി ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു.  പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം. വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു,പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു.


Don't Miss
© all rights reserved and made with by pkv24live