കർഷക അവകാശ സംരക്ഷണ റാലിയും മഹാസംഗമവും 20ന്
തിരുവമ്പാടി: കാർഷികമേഖല അനുഭവിക്കുന്ന ദുരിതങ്ങൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക അവകാശ സംരക്ഷണ റാലിയും മഹാസംഗമവും നടത്തുന്നു. 20-ന് രാവിലെ 10 . 30ന് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടക്കുന്ന റാലിക്ക് ശേഷം ചേരുന്ന സംഗമം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കൾ പ്രസംഗിക്കും.
മുത്തപ്പൻപുഴ, മറിപ്പുഴ, കുണ്ടൻതോട്, കൂരാച്ചുണ്ട്, കാന്തലോട്, കക്കാടംപൊയിൽ, പെരുവണ്ണാമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി എല്ലാവിധ അംഗീകൃത റവന്യൂരേഖകളോടും കൂടി കൈവശം വയ്ക്കുകയും കൃഷി ചെയ്ത് അനുഭവിക്കുകയും ചെയ്യുന്ന ഭൂമിയിൽ അനധികൃതമായി കടന്നു കയറി ജണ്ട കെട്ടുകയും കർഷകരെ കുടിയിറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ നിരവധി തവണ പരാതികൾ നല്കിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ നേരെ പ്രതികാരബുദ്ധിയോടെയുള്ള നടപടികളാണ് ഇവർ തുടരുന്നത്. ഇതിന് പുറമെയാണ് ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കടന്നു കയറി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നാശം വരുത്തുന്നത്. വൻതോതിൽ കാർഷിക വിളകൾ നശിപ്പിച്ചിട്ടും കൃഷിയിടങ്ങളെ സംരക്ഷിക്കാൻ മതിയായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. പ്രളയദുരിതത്തിൽ കാർഷിക വിളകൾക്കുണ്ടായ കനത്ത നാശത്തിന് നഷ്ടപരിഹാരം നല്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളിൽ നിന്നും വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കർഷകർക്കും കൃഷിയിടങ്ങൾക്കും സുരക്ഷ നല്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവിന് പരിഹാരം കാണുക, സർഫാസി നിയമം പിൻവലിക്കുക, ചെറുകിട നാമമാത്ര കർഷകർക്ക് ഉപജീവനത്തിനാവശ്യമായ നിലയിൽ പെൻഷൻ തുക വർധിപ്പിക്കുക, കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കുകയും കുടിശിക അടിയന്തിരമായി നല്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഗമം സംഘടിപ്പിക്കുന്നത്.
കർഷക പ്രതിഷേധ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്കി. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി മോൺ. ആന്റണി കൊഴുവനാൽ, ഡോ. ചാക്കോ കാളം പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, എ കെ സി സി രൂപതാ പ്രസിഡന്റ് ബേബി പെരുമാലിൽ, ജോയി കണ്ണഞ്ചിറ, ഒ.ഡി. തോമസ്, ഫാ. ജോർജ് വെള്ളക്കക്കുടി , ജോർജ് വട്ടുകളം, ഫാ. അഗസ്റ്റിൻ ആലുങ്കൽ, ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഷിനോയി അടക്കാപ്പാറ, തോമസ് വലിയപറമ്പിൽ, സൗബിൻ ഇലഞ്ഞിക്കൽ, അനീഷ് വടക്കേൽ, ജോർജ് കുബ്ലാനി, ജോസഫ് കാര്യാങ്കൽ, നൈജിൽ പുരയിടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.