Peruvayal News

Peruvayal News

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടികയാണ് മാതൃകാ പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ, അതായത് ഫലം പ്രഖ്യാപിക്കുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്യും.


1960ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുപോന്നു. 1979ൽ അധികാരത്തിലിരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം വികസിപ്പിച്ചു.  സാമൂഹ്യ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽകരുത് എന്ന നിർദ്ദേശം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.


മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ചില പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്


മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സർക്കാരുകൾ തൊഴിൽ നിയമനങ്ങൾ നടത്താൻ പാടില്ല.



റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ നിർമ്മാണ പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്യരുത്. പുതിയ പദ്ധതികളുടെ നിർമ്മാണോത്ഘാടനം നടത്തരുത്.



സ്ഥാനാർത്ഥികളും അവരുടെ പ്രചാരകരും എതിർ സ്ഥാനാർത്ഥികളും സ്വൈര്യ ജീവിതത്തെ മാനിക്കണം. എതിരാളികളെ ശല്യപ്പെടുത്തുംവിധം അവരുടെ വീടുകൾക്ക് മുമ്പിൽ റാലികളോ പ്രകടനങ്ങളോ നടത്തരുത്.



തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തരുത്.



വോട്ടർമാരെ മദ്യമോ പണമോ നൽകി സ്വാധീനിക്കരുത്.



പൊതു സമ്മേലന സ്ഥലങ്ങൾ, ഹെലി പാഡുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ, തുടങ്ങിയവ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അവസരമുണ്ടാകണം.



തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണം.



വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കരുത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസ് ഇല്ലാതെ പോളിംഗ് ബൂത്തിൽ പ്രവേശിക്കരുത്.

Don't Miss
© all rights reserved and made with by pkv24live