സൂര്യാഘാതത്തെ സംസ്ഥാന ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തി; സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: സൂര്യഘാതവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടകയില്‍ ഉള്‍പ്പെടുത്തി. സൂര്യഘാതം ഏല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
സൂര്യാഘാതമേറ്റതുകൊണ്ട് കാഴ്ച നഷ്ടപ്പെട്ടാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെ നല്‍കും. ശരീരത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടിവന്നാല്‍ 12700 രൂപ സഹായമായി അനുവദിക്കും. ചൂട് മൂലം കന്നുകാലികള്‍ ചത്താല്‍ ഉടമകള്‍ക്ക് 30,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും.
അതേസമയം, അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും മാര്‍ച്ച് അവസാനത്തോടെ കടുക്കുന്ന ചൂട് മെയ് മാസം അവസാനം വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.