Peruvayal News

Peruvayal News

ഇന്ത്യൻ കറൻസികളിലെ പൈതൃകങ്ങൾ – നിങ്ങളറിയേണ്ട കാര്യം..

ഇന്ത്യൻ കറൻസികളിലെ പൈതൃകങ്ങൾ – നിങ്ങളറിയേണ്ട കാര്യം..

2016 നവംബർ 8 – ഏതൊരു ഇന്ത്യക്കാരനും മറക്കാൻ പറ്റുമോ ഈ ദിവസം? താമരശ്ശേരി ഷൈൻ ഹോട്ടലിൽ നിന്ന് ബീഫും പൊറോട്ടയും തട്ടിയതിന് ശേഷം, വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് ‘മേരെ ദേശ് വാസിയോം’ വിളിയെത്തിയത്. ബേങ്ക് ഉദ്യോഗസ്ഥനായത്തിന്റെ വിലയും കഷ്ടപ്പാടും അറിഞ്ഞനാളുകൾ.ഏറെ വാഴ്ത്തപ്പെട്ട രണ്ടായിരത്തിന്റെ പുത്തൻ നോട്ട്, കീശയിൽ തിരുകി നെഗിളിപ്പോടെ ആദ്യം നടന്നതിന്റെ പവർ ബേങ്ക് ഉദ്യോഗസ്ഥർക്ക് ഇരിക്കട്ടെ.


നോട്ട് നിരോധനത്തോടെ ആർബിഐ പുറത്തിറക്കിയത് ആറ് പൊളപ്പൻ കറൻസികളാണ്. അതിലെ ലേറ്റസ്റ്റ് അവതാരം ജൂലൈയിൽ പുറത്തിറങ്ങിയ നൂറ് രുപ നോട്ടാണ്. ആറിൽ, അഞ്ച് നോട്ടും രാജ്യത്തിന്റെ പൈതൃകങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ പുത്തൻ നോട്ടുകളെ കുറിച്ച് ആർബിഐ വെബ്സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ് “Currency notes reflect the nation’s rich and diverse culture, her struggle for freedom and her proud achievements as a nation.”


അശോക സ്തൂപമാണ് ആദ്യമായി ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്ത ശില്പകല.

1954 പുറത്തിറങ്ങിയ ആയിരത്തിനും അയ്യായിരത്തിനും നോട്ടുകളിൽ തഞ്ചാവൂരിലെ ക്ഷേത്രവും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ പ്രതീകമായിരുന്നു. പിന്നീട് എൺപതുകളിൽ ഇറങ്ങിയ നോട്ടുകൾ കൂടുതലായി പ്രതിനിധീകരിച്ചിരുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുവാണ്. പഴയ അഞ്ചുരൂപ നോട്ട് ഓർമ്മയില്ലേ?.. ട്രാക്ടറിൽ മണ്ണ് ഉഴുവന്ന ആ കർഷകൻ സൂചിപ്പിച്ചത് കൃഷി മേഖലയിലെ യന്ത്രവൽക്കരണത്തെ കുറിച്ചാണ്. അതുപോലെ തന്നെ രണ്ട് രൂപ നോട്ടിലെ ആര്യഭട്ട ഉപകേതുവും, ഒരു രൂപ നോട്ടിലെ എണ്ണ കപ്പലും പ്രതീകമായത് രാജ്യത്തിന്റെ സാങ്കേതികവിദ്യയൊണ്.


ഒരു രൂപ നോട്ട് ഇന്നും ലഭ്യമാണ്. ഈ നോട്ടിന് ഒരു പ്രത്യേകതയുണ്ട് എന്താണെന്ന് അറിയാമോ…? ഇന്ത്യൻ ഗവൺമെന്റ അച്ചടിച്ച് ഇറക്കുന്ന ഒരേയൊരു നോട്ട് ഒരു രൂപ കറൻസിയാണ്. മറ്റ് നോട്ടുകളെല്ലാം അച്ചടിക്കുന്നത് ആർബിഐ വഴിയാണ്.അടുത്ത തവണ ഒരു രൂപ കയ്യിൽ കിട്ടുമ്പോൾ നോക്കാൻ മറക്കേണ്ട!….


1996 ശേഷമാണ് മഹാത്മാഗാന്ധി ശ്രേണിയിലുള്ള നോട്ടുകൾ പുറത്തിറങ്ങാൻ തുടങ്ങിയത്. കുറച്ചും കൂടി കലാസുന്ദരമായിരുന്നു ആ നോട്ടുകൾ. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമായ കാഞ്ചൻജംഗയും, പാർലമെന്റെ മന്ദിരവുമടങ്ങിയ നൂറിന്റെയും അമ്പത്തിന്റെയും നോട്ടുകൾക്ക് പുറമെ, ആ ശ്രേണിയിൽ ഇരുപത് രൂപയുടെ നോട്ടിൽ മാത്രമാണ് സ്ഥലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. പോർട്ട് ബ്ലെയറിലെ മൗണ്ട് ഹാരിയറ്റ് ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ചയാണ് ഇരുപത് രൂപ നോട്ടിലെ ചിത്രം.


നോട്ട് നിരോധനത്തിലൂടെ പിൻവലിക്കപ്പെട്ട അഞ്ഞൂർ രൂപയിൽ ഉപ്പുസത്യാഗ്രഹത്തെ അനുസ്മരിക്കുന്ന ദണ്ഡിയാത്രയും, ആയിരം രൂപ നോട്ടിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുമാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. 66 മീ.മീ X166 മീ.മീ നെഞ്ചളവിൽ മജന്ത നിറത്തിൽ പിറവിയെടുത്ത രണ്ടായിരത്തിന്റെ നോട്ടോടുകൂടിയാണ് ആയിരം പടിയിറങ്ങിയത്. ചൊവ്വാ ദൗത്യത്തിലൂടെ പ്രശസ്തമായ മംഗൾയാനാണ് രണ്ടായിരത്തിലെ താരം. രണ്ടായിരം രൂപക്ക് ചില്ലറ കിട്ടാനുള്ള ഓട്ടത്തിൽ, മംഗൾയാനെ നമ്മൾ മറന്നാലും കരീന കപൂർ മറക്കില്ല… എജ്ജാതി ബ..ബ.ബ്ബ അല്ലെ ഓള് മംഗൾയാനെ കുറിച്ച് പറഞ്ഞത്.


നോട്ട് നിരോധനം ഗുണമോ ദോഷമോ…? എന്തുമാകട്ടെ ഒരു സഞ്ചാരിയെ സംബന്ധിച്ചിത്തോളം പുത്തൻ നോട്ടുകളിലെ പൈതൃകങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. വിവിധ വർണ്ണങ്ങളിൽ പുറത്തിറങ്ങിയ പത്ത്, അമ്പത്, നൂറ്, ഇരുനൂർ, അഞ്ഞൂർ നോട്ടുകളിലെ സ്‌മാരകചിഹ്നങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.

Don't Miss
© all rights reserved and made with by pkv24live