ന്യൂഡൽഹി: വ്യാജവാർത്തകൾ ഏറ്റവുമധികം പ്രചരിക്കുന്ന സാമൂഹിക മാദ്ധ്യമമാണ് വാട്ട്സ്ആപ്പ്.
ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് നിരവധി തവണ വാട്ട്സ് ആപ്പ് അധികൃതർ പഴി കേട്ടിട്ടുമുണ്ട്. വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് ഒട്ടേറെ ഫീച്ചറുകൾ അവതരിപ്പിച്ചെങ്കിലും അവയൊന്നും ഫലംകണ്ടില്ല.
എന്നാൽ വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നതിന് പരിഹാരം കാണുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ വാട്ട്സ് ആപ്പ്. ഗൂഗിളുമായി സഹകരിച്ച് ആപ്പിനുള്ളിൽ നിന്ന് തന്നെ തങ്ങൾക്ക് ലഭിച്ച ചിത്രത്തെപ്പറ്റി ഉപഭോക്താവിന് തന്നെ സെർച്ച് ചെയ്യാനാകുന്നതാണ് പുതിയ ഫീച്ചർ.
ഈ ഫീച്ചർ വഴി കിട്ടിയ ചിത്രങ്ങൾ വ്യാജമാണോ തനിക്ക് കിട്ടിയ വാർത്തയുടേത് തന്നെയാണോ എന്നെല്ലാം ഉപഭോക്താക്കൾക്ക് തന്നെ കണ്ടുപിടിക്കാനാകും. ഇതിലൂടെ വ്യാജവാർത്തകളുടെ പ്രചാരണം ഒരു പരിധിവരെ തടയാനാകുമെന്നാണ് അധികൃതർ കരുതുന്നത്.
വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നത് തടയുന്നതിനായി നേരത്തെ തന്നെ വാട്ട്സ് ആപ്പ് പല ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഒരേസമയം, ഷെയർ ചെയ്യാവുന്നവരുടെ എണ്ണം 5 ആക്കി ചുരുക്കുകയും ഷെയർ ചെയ്ത് വരുന്ന മെസേജുകളുടെ ഒപ്പം ഫോർവേർഡെഡ് എന്ന ബാഡ്ജ് നൽകുകയും ചെയ്തിരുന്നു. ഇത് മതിയായ രീതിയിൽ ഫലം കാണാതായതോടെയാണ് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയത്.