എസ് എസ് എല്‍ സി പരീക്ഷയ്ക്ക് നാളെ തുടക്കമാകും.
കോഴിക്കോട് :
വേനല്‍ ചൂട് മുറുകുന്നതോടൊപ്പം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നാളെമുതൽ പരീക്ഷാ ചൂടും സംസ്ഥാനത്ത് എസ് എസ് എല്‍ സി , ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കാണ് നാളെ തുടക്കമാകുന്നത്. പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.പരീക്ഷകള്‍ മാര്‍ച്ച് 27ന് സമാപിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്ക് 1.30നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ 10നുമാണ് തുടങ്ങുക. ഇത്തവണ 4,50,167 റഗുലര്‍ വിദ്യാര്‍ത്ഥികളും 1351 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. പ്ലസ് വണ്ണിന് 3,83,768-ഉം പ്ലസ് ടുവിന് 3,61,117-ഉം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. വി എച്ച് എസ് ഇക്ക് ഇരുപത്തിഅയ്യായിരത്തോളം പേരാണ് പരീക്ഷയ്ക്കിരിക്കുന്നത്. എസ് എസ് എല്‍ സിയുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചു മുതല്‍ 24 വരെ നടക്കും. തുടര്‍ന്ന് മേയ് ആദ്യവാരത്തോടെ എസ് എസ് എല്‍ സിയുടെയും രണ്ടാംവാരം ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇയുടെയും പരീക്ഷാഫലം അറിയും. എസ് എസ് എല്‍ സിക്ക് 2729 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 11 എണ്ണം ഗള്‍ഫിലും ഒമ്പതെണ്ണം ലക്ഷദ്വീപിലുമാണ്. 41 മൂല്യനിര്‍ണയ കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് പരീക്ഷാസമയത്ത് ലേബല്‍ പതിക്കാത്ത കുപ്പികളില്‍ കുട്ടികള്‍ക്ക് വെള്ളം കൊണ്ടുവരാം. കൂടാതെ സ്‌കൂളുകളിലും ശുദ്ധജലം കരുതണം. രണ്ട് ജില്ലകള്‍ക്ക് ഒന്നുവീതം എന്ന കണക്കില്‍ പരീക്ഷാ ക്രമക്കേട് കണ്ടെത്താന്‍ സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്