മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലേക്ക് പുതിയ ശുദ്ധജലപദ്ധതി
മാവൂർ:മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതിയുടെ പ്രവൃത്തി തുടങ്ങി. പ്രാദേശിക ശുദ്ധജലവിതരണ പദ്ധതിയിലൂടെ ജനത്തിനു ശാസ്ത്രീയമായി ശുദ്ധീകരിച്ച വെള്ളം കുടിക്കാം. ജല അതോറിറ്റിയുടെ കൂളിമാട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പ്രാദേശിക ശുദ്ധജലവിതരണ പദ്ധതിക്കായി കരിമലയിൽ നിർമിച്ച ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളം എത്തിക്കും. ടാങ്കിൽനിന്ന് നിലവിലുള്ള ജലവിതരണ പൈപ്പുകളിലൂടെ വരൾച്ചാബാധിത പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി.
ചാലിയാറിന്റെ തീരത്തെ താത്തൂർപൊയിൽ പമ്പിങ് സ്റ്റേഷനിൽ നിന്ന് കരിമലയിലെ ടാങ്കിലേക്ക് വെള്ളം എത്തിച്ചാണ് ഇപ്പോൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. താത്തൂർപൊയിൽ പമ്പിങ് സ്റ്റേഷനിൽ ജല ശുദ്ധീകരണത്തിനു ശാസ്ത്രീയമായ സംവിധാനങ്ങളില്ല. വർഷകാലങ്ങളിൽ പുഴയിലെ ചെളിവെള്ളമാണ് ജനത്തിനു കുടിക്കാൻ കിട്ടിയിരുന്നത്. പുതിയ പദ്ധതി വരുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും ജല അതോറിറ്റിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പനങ്ങോട് ഭാഗങ്ങളിലേക്ക് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി.
ചാത്തമംഗലം പഞ്ചായത്തിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് ഒരു കോടിയുടെ പദ്ധതിയുമുണ്ട്. പഞ്ചായത്തിൽ കുടിവെള്ളം നൽകാൻ ജല അതോറിറ്റി ഒരുകോടി മുടക്കി കൂളിമാട് കടവിൽ പുഴയോരത്ത് കിണറും പമ്പ്ഹൗസും സ്ഥാപിച്ചിരുന്നു. 2011 ജൂണിലെ കനത്തമഴയിൽ ഇത് പുഴയിൽ പതിച്ചു.
പിന്നീട് പുഴയോരത്ത് താൽക്കാലികമായി പമ്പ്ഹൗസ് നിർമിച്ച് പമ്പിങ് തുടങ്ങിയപ്പോഴേക്കും ജലവിതരണ പൈപ്പുകൾ പൊട്ടി. എൻസിപിസി പദ്ധതി അവതാളത്തിലാവുകയും ചെയ്തു. എൻസിപിസി പദ്ധതിക്കായി പാഴൂർ കുറുമ്പറമ്മൽ നിർമിച്ച ടാങ്കിലേക്ക് കൂളിമാട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ശുദ്ധജലമെത്തുക്കുന്നതാണ് പുതിയ പദ്ധതി. ഇത് യാഥാർഥ്യമാകുന്നതോടെ ചാത്തമംഗലം പഞ്ചായത്തിലെ വരൾച്ചാബാധിത പ്രദേശങ്ങളിലേക്ക് വെള്ളമെത്തും.
മാവൂർ പഞ്ചായത്തിലെ വരൾച്ചാബാധിത പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് 1.02 കോടിയും ചാത്തമംഗലം പഞ്ചായത്തിലെ പദ്ധതിക്ക് ഒരു കോടിയുമാണ് ചെലവ്. പി.ടി.എ.റഹീം എംഎൽഎയുടെ നിരന്തര ശ്രമഫലമായാണ് പദ്ധതിക്ക് ഫണ്ട് ലഭിച്ചത്. ഒളവണ്ണ, പെരുവയൽ, പെരുമണ്ണ, കുന്നമംഗലം പഞ്ചായത്തുകളിൽ ജൈക്ക പദ്ധതി അനുസരിച്ച് വെള്ളം എത്തിക്കാനുള്ള പദ്ധതിയുണ്ട്. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകൾ ജൈക്ക പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല.
അതിനാലാണ് ഇവിടെ പുതിയ പദ്ധതി നടപ്പാക്കുന്നത്. ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്ന് 72 ദശലക്ഷം ലിറ്റർ വെള്ളമാണ് കോഴിക്കോട് നഗരത്തിലേക്കും മെഡിക്കൽകോളജിലേക്കുമായി ശുദ്ധീകരിച്ച് വിടുന്നത്. ജൈക്ക പദ്ധതി വന്നതോടെ 56 ദശലക്ഷം ലിറ്റർ വെള്ളമാണ് കൂളിമാട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ഇപ്പോൾ നൽകുന്നത്. ശേഷിക്കുന്ന വെള്ളമാണ് മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലേക്ക് നൽകുക.