Peruvayal News

Peruvayal News

മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മഞ്ചേരി :

കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി . മലപ്പുറം ജില്ലാ കളക്ടറും , മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും , മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു .


ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ സഹായം നല്‍കിയില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെയുള്ള ആക്ഷേപം .


കര്‍ണ്ണാടക സ്വദേശി 45 കാരിയായ ചന്ദ്രകല വെള്ളിയാഴ്ചയാണ് അര്‍ബുദബാധയെ തുടര്‍ന്ന് മരണമടഞ്ഞത് .


മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ ബന്ധുക്കളുടെ പക്കല്‍ ആവശ്യത്തിന് പണമില്ലെന്ന് മനസിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ , ഇന്ധന ചിലവ് മാത്രം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കി , എന്നാല്‍ അതിനുള്ള പണവും ബന്ധുക്കളുടെ കൈയില്‍ ഉണ്ടായിരുന്നില്ല.


തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ:നന്ദകുമാറിനെ സമീപിക്കുകയായിരുന്നു . എന്നാല്‍ , ആശുപത്രി മാനേജ്‌മെന്റില്‍ നിന്നും പണം അനുവദിക്കുകയോ, എംബാം ചെയ്ത് കാറില്‍ മൃതദേഹം അയയ്ക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആവശ്യപ്പെട്ടു .


ഇതിനും തുടര്‍ നടപടികള്‍ കൈക്കൊള്ളാതെ ഇരുന്നതിനാലാണ് മറ്റ് വഴിയില്ലാതെ ബന്ധുക്കള്‍ വന്ന കാറിന്റെ ഡിക്കിയില്‍ തന്നെ മൃതദേഹം കൊണ്ട് പോയത്.


അതേ സമയം , ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സൗജന്യ ആംബുലന്‍സ് വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: നന്ദകുമാര്‍ പറയുന്നത് .

Don't Miss
© all rights reserved and made with by pkv24live