ഇന്നറിയുവാൻ
അന്താരാഷ്ട്ര പ്രകാശ ദിനം
ഇന്ന് മേയ് 16 അന്താരാഷ്ട്ര പ്രകാശ ദിനം.മനുഷ്യനേത്രത്തിന് സംവേദനം ചെയ്യാവുന്ന നിശ്ചിത ആവൃത്തി മേഖലയിലുള്ള വിദ്യുത്കാന്തിക വികിരണങ്ങളാണ് പ്രകാശം അല്ലെങ്കിൽ ദൃശ്യപ്രകാശം. ഒരു ഊർജരൂപമാണ് പ്രകാശം . ഏതാണ്ട് 400 മുതൽ 700 നാനോമീറ്റർ തരംഗദൈർഘ്യമുള്ള വിദ്യുത്കാന്തിക പ്രസരണങ്ങളാണ് ദൃശ്യപ്രകാശത്തിൽ ഉൾപ്പെടുന്നത് . എങ്കിലും ഭൗതികശാസ്ത്രത്തിൽ വിദ്യുത്കാന്തിക സ്പെക്ട്രത്തെ(വിദ്യുത്കാന്തിക വർണ്ണരാജി) മുഴുവനായും പ്രകാശം എന്ന പദം കൊണ്ട് സൂചിപ്പിക്കാറുണ്ട്.
നമ്മുടെ കണ്ണിനു തിരിച്ചറിയാൻ പറ്റുന്ന ഏക വിദ്യുത്കാന്തികതരംഗമാണ് ദൃശ്യപ്രകാശം. വിദ്യുത്കാന്തികവർണ്ണരാജിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണു ദൃശ്യപ്രകാശം എങ്കിലും ഇതിന്റെ സഹായത്തോടെയാണ് മറ്റെല്ലാ തരംഗങ്ങളുടേയും പഠനം മനുഷ്യൻ നടത്തുന്നത് . ഇക്കാരണങ്ങളാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിദ്യുത്കാന്തികതരംഗം ആണു ദൃശ്യപ്രകാശം.
ഒരേ സമയം തന്നെ കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്ന ഫോട്ടോണുകൾ എന്ന മൗലിക കണങ്ങൾ കൊണ്ടാണ് പ്രകാശം നിർമ്മിച്ചിരിക്കുന്നത്.
പ്രകാശം ഒരേ സമയം തന്നെ കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നു. പ്രകാശത്തിന്റെ ഈ സ്വഭാവ സവിശേഷതയെ ദ്വൈതസ്വഭാവം എന്ന് പറയുന്നു. പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിന്, പ്രകാശശാസ്ത്രം (ഒപ്ടിക്സ്) എന്ന് പറയുന്നു. ഭൗതികശാസ്ത്രത്തിലെ ഒരു പ്രധാന പഠനമേഖലയാണിത്.