ട്രെയിൻ ടിക്കറ്റ് റദ്ദു ചെയ്ത വകയിൽ 35 രൂപ തിരികെ കിട്ടാൻ യാത്രക്കാരൻ നടന്നത് 2 വർഷം
സുജീത് സ്വാമി എന്ന എൻജിനിയർ രണ്ട് കൊല്ലത്തോളം ഇന്ത്യൻ റെയിൽവേയുടെ പിന്നാലെ നടന്നത് വെറുതെയായില്ല. ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ ഈടാക്കിയ 35 രൂപ തിരികെ ലഭിക്കുന്നതിനാണ് രാജസ്ഥാൻ സ്വദേശിയായ സുജീത് റെയിൽവേയുമായി രണ്ട് കൊല്ലത്തെ തർക്കത്തിലേർപ്പെട്ടത്. റെയിൽവേ 33 രൂപ തിരികെ നൽകി.
2017 ഏപ്രിലിലാണ് സുജീത് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ജൂലൈ രണ്ടിലേക്കായിരുന്നു ടിക്കറ്റെടുത്തത്. ബുക്ക് ചെയ്യുമ്പോൾ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു ടിക്കറ്റ് ലഭിച്ചത്. എന്നാൽ പിന്നീട് സുജീത് ടിക്കറ്റ് ക്യാൻസൽ ചെയ്തു. വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ 65 രൂപയാണ് റെയിൽവേ ഈടാക്കുക. എന്നാൽ സുജീതിൽ നിന്ന് റെയിൽവേ 100 രൂപ ഈടാക്കി. 765 രൂപയായിരുന്നു യാത്രാക്കൂലി.
ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പാണ് റെയിൽവേ ഈ തുക ഈടാക്കിയതു കൊണ്ട് സുജീത് അത് തിരികെ നൽകാൻ റെയിൽവേയെ സമീപിച്ചു. എന്നാൽ 35 രൂപ സർവീസ് ടാക്സിനത്തിൽ ഈടാക്കിയതാണെന്ന് റെയിൽവേ മറുപടി നൽകി. എന്നാൽ ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ ഒന്നു മുതലാണെന്ന് ചൂണ്ടിക്കാണിച്ച് സുജീത് വീണ്ടും പരാതി നൽകി.
പരാതിയിൽ തീരുമാനമുണ്ടാകാത്തതിനാൽ സുജീത് 2018 ഏപ്രിലിൽ ലോക് അദാലത്തിനെ സമീപിച്ചിരുന്നു. എന്നാൽ കേസ് അദാലത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കാണിച്ച് പരാതി തള്ളി. തുടർന്ന് സുജീത് വീണ്ടും റെയിൽവേയെ സമീപിച്ചു. അവസാനം 2019 ഏപ്രിലിൽ സുജീതിന് പണം തിരികെ നൽകാൻ റെയിൽവേ തീരുമാനിച്ചു. രണ്ട് രൂപ പിഴയീടാക്കി ബാക്കി 33 രൂപ സുജീതിന്റെ അക്കൗണ്ടിലെത്തി.