അങ്ങനെ മെസ്സിയും റൊണാൾഡോയുമില്ലാതെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ
ഇന്നലെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ഉണ്ടാകില്ല എന്ന് ഉറപ്പായി. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അങ്ങനെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉണ്ടാകുന്നത്. 2013ന് ശേഷം എല്ലാ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇവർ രണ്ട് പേരിൽ ആരെങ്കിലും ഒരാൾ എന്നും ഉണ്ടായിരുന്നു.
2013ൽ ബയേർൺ മ്യൂണിക്കും ഡോർട്മുണ്ടും കളിച്ച ഫൈനലിൽ ആയിരുന്നു മെസ്സിയോ റൊണാൾഡോയോ ഇല്ലാതിരുന്നത്. അതിനു ശേഷം 2014ൽ റൊണാൾഡോയും 2015ൽ മെസ്സിയും ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഭാഗമായി. അതിനു ശേഷം മൂന്ന് വർഷങ്ങളിലും റൊണാൾഡോ ഫൈനലിൽ ഉണ്ടായിരുന്നു.
ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനൊപ്പം ക്വാർട്ടറിൽ പുറത്തായിരുന്നു. മെസ്സിയും റൊണാൾഡോയും എന്ന പോലെ റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകൾ ഇല്ലാതെ ഒരു ഫൈനൽ നടക്കുന്നതും വളരെ കാലത്തിനു ശേഷമാകും. 11 വർഷം മുമ്പാണ് അങ്ങനെ ഒരു ഫൈനൽ നടന്നത്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും കളിച്ചപ്പോൾ ആയിരുന്നു അങ്ങനൊരു ഫൈനൽ അവസാനമായി ഉണ്ടായത്.