തിരൂരങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ
തിരൂരങ്ങാടി: എ.ആർ. നഗർ പുകയൂരിലെ ചേലക്കോട് പുത്തലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ജംഷിയ (35) ആണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽനിന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവും തൂക്കിവിൽക്കുന്നതിന് ഉപയോഗിക്കുന്ന തുലാസും പിടിച്ചെടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി എക്സൈസും തിരൂരങ്ങാടി പോലീസും ചേർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവ് അബ്ദുസലാം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ആന്ധ്രാപ്രദേശിൽനിന്ന് 100 കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസിൽ റിമാൻഡിലായിരുന്ന അബ്ദുസലാം ജാമ്യത്തിലിറങ്ങിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ പരിശോധനയ്ക്കിടെ ഇയാളെ കണ്ടെത്താനായിട്ടില്ല.
വീട്ടിൽവെച്ച് കഞ്ചാവ് പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പനയെന്നാണ് സംശയം. കഞ്ചാവ് വീട്ടിൽ സൂക്ഷിക്കുന്നത് ജംഷീനയ്ക്ക് അറിയാമായിരുന്നെന്നും വിൽപ്പനയിൽ സഹായിച്ചിരുന്നതായും എക്സൈസ് ഉേദ്യാഗസ്ഥർ പറഞ്ഞു. അബ്ദുസലാമിനെ ഒന്നാംപ്രതിയാക്കിയും ഭാര്യയെ രണ്ടാംപ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.