Peruvayal News

Peruvayal News

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.

ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട   ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് തുറന്നു.ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജില്ലാ ജഡ്ജി കൂടിയായ മനോജ് തുടങ്ങിയവർ അയ്യപ്പദർശനത്തിനായി എത്തിയിരുന്നു. മാളികപ്പുറം മേൽശാന്തിക്ക് ക്ഷേത്രനട തുറക്കാനുള്ള താക്കോലും വിഭൂതി പ്രസാദവും ശബരിമല മേൽശാന്തി കൈമാറി. തുടർന്ന് ശ്രീകോവിലിൽ നിവേദ്യ സമർപ്പണത്തിനു ശേഷം തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം  ചെയ്തു. അതിനുശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ തീ തെളിച്ചപ്പോൾ  ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തർ ശരണ മന്ത്രങ്ങളുമായി പതിനെട്ടാം പടി കയറി, അയ്യപ്പദർശനപുണ്യം നേടി.നട തുറന്ന ഇന്ന്  പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.  ഇന്ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.മെയ് 15ന്  രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് ഗണപതിഹോമവും  പതിവ് പൂജകളും ഉണ്ടാകും.നെയ്യഭിഷേകം,കളഭാഭിഷേകം, ഉദയാസ്തമന പൂജ,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരീശ്വര സന്നിധാനത്ത്  നടക്കും. 

സുനില്‍ അരുമാനൂര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

Don't Miss
© all rights reserved and made with by pkv24live