ഇരുകൈകളുമില്ല, ദേവിക കാലുകൊണ്ട് പരീക്ഷ എഴുതി ഫുള്‍ എ പ്ലസ് വാങ്ങി
വള്ളിക്കുന്ന് (കോഴിക്കോട്): രണ്ടു കൈകളുമുള്ളവർ പരീക്ഷ വിജയിക്കാൻ പെടുന്ന പാടുകാണുമ്പോൾ നമ്മൾ ദേവികയെ രണ്ടു കൈകൊണ്ടും തൊഴുതുപോകും. ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് പരീക്ഷയെഴുതി മുഴുവൻ എ പ്ലസ് നേടിയിരിക്കുകയാണ് ഈ മിടുക്കി.
പോരായ്മകളുടെ പേരിൽ ഒരു സൗജന്യവും വാങ്ങാതെയാണ് ദേവിക ഈ നേട്ടം കാൽപ്പിടിയിലൊതുക്കിയത്. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക.
ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക ജനിച്ചതുതന്നെ ഇരുകൈകളുമില്ലാതെയാണ്. അച്ഛനുമമ്മയും അവളെ കാലുകൾകൊണ്ട് എഴുതാൻ പഠിപ്പിച്ചു. പതിയെ ഒരു കുടുംബത്തിന്റെ കഠിനാധ്വാനം ദേവികയെ മിടുക്കിയാക്കി. പഠിച്ച സ്കൂളുകളിലെല്ലാം അധ്യാപകരും കൂടെനിന്നു. ഓരോരുത്തരും അളവറ്റ സ്നേഹവും കരുതലും നൽകി. സ്ക്രൈബിനെവെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഒരൊറ്റ പരീക്ഷയിൽപ്പോലും ഇന്നുവരെ ദേവിക മറ്റൊരാളുടെ സഹായം തേടിയിട്ടില്ല.
എസ്.എസ്.എൽ.സിയിൽ രണ്ടുപരീക്ഷയ്ക്ക് മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവർക്കൊപ്പം കൃത്യസമയത്ത് എഴുതിത്തീർത്തു. ഗ്രേസ്മാർക്കുപോലും ഇല്ലാതെയാണ് ദേവിക മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ ദേവിക വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഗാനാലാപനമത്സരങ്ങളിൽ ജില്ലാതലം വരെ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
ജൂനിയർ റെഡ് ക്രോസിൽ അംഗമായ ദേവികയ്ക്ക് ഈ വർഷം മികച്ച കേഡറ്റിനുള്ള പുരസ്കാരവും ലഭിച്ചു.‘ പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം പഠിക്കണം. ബിരുദമൊക്കെ കഴിഞ്ഞ് സിവിൽ സർവീസ് നേടണം. അതാണ് ഇനിയെന്റെ ആഗ്രഹം’ . ദേവിക പറയുന്നു. അച്ഛൻ സി.പി. സജീവ് തേഞ്ഞിപ്പലം പോലീസ്സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. സഹോദരൻ ഗൗതം ഇനി നാലാം ക്ലാസിലേക്ക്.