ഉപാധികളോടെ അനുമതി: പൂരവിളംബരം നടത്താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊണ്ടുവരാൻ അനുമതി. ജില്ലാ കലക്ടർ അനുപമയാണ് ഉപാധികളോടെ അനുമതി നൽകിയത്. പൂരവിളംബരത്തിനായി രാവിലെ 9.30 മുതൽ 10.30 വരെ വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിക്കുന്നതിനാണ് അനുമതി. ചടങ്ങിന് മാത്രമായി ക്ഷേത്ര പരിസരത്ത് മാത്രമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന നിബന്ധനയോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ആനയ്ക്കൊപ്പം നാലു പാപ്പാന്മാരുണ്ടായിരിക്കണം. ആളുകളിൽ നിന്ന് 10 മീറ്റർ ബാരിക്കേഡ് സ്ഥാപിച്ച് അതിനുള്ളിൽ മാത്രമേ ആനയെ എഴുന്നള്ളിക്കാവു തുടങ്ങിയ കർശന നിബന്ധനകളാണ് തൃശ്ശൂർ കലക്ടർ അനുമതി നൽകിയിരിക്കുന്നത്.
ഇതോടെ വിഷയത്തിൽ നിലനിന്നിരുന്ന മുഴുവൻ പ്രതിസന്ധികളും വിവാദങ്ങളുമാണ് ഒഴിയുന്നത്. ഞായറാഴ്ച രാവിലെ 9.30 ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമേന്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടതള്ളിത്തുറന്ന് പൂരത്തിന് തടക്കം കുറിക്കും
കർശന സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കലക്ടറുടെ നിർദ്ദേശം. ആനയെ പുറത്തുനിന്നു നടത്തിക്കൊണ്ടു വരുന്നതും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ നെയ്തലക്കാവിൽ നിന്ന് എഴുന്നള്ളിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവന്നിരുന്നത്. ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതൊഴിവാക്കിയിട്ടുണ്ട്. ഇതിന് പകരം വടക്കും നാഥ ക്ഷേത്ര പരിസരത്ത് വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കാനാണ് നിർദ്ദേശം.
വടക്കുംനാഥ ക്ഷേത്രത്തിലെത്തിച്ച് വടക്കും നാഥനെ വണങ്ങി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറന്ന് പുരത്തിന് തുടക്കം കുറിച്ച് കഴിഞ്ഞാൽ 10.30 നകം തന്നെ ആനയെ അവിടെനിന്ന് മാറ്റണമെന്നും കലക്ടറുടെ നിബന്ധനയിൽ പറയുന്നു.