അര്‍ബുദത്തെ ചെറുത്ത് അവസാന പരീക്ഷയും എഴുതി, ഫലം അറിയാന്‍ അവന്‍ കാത്തില്ല: ആ പോരാട്ടം അസ്തമിച്ചു
രക്താർബുദത്തോട് പൊരുതി പത്താം ക്ലാസ്സ് പരീക്ഷയെഴുതി വാർത്തകളിലിടം നേടിയ ഗൗതം ഇനി ഓർമ്മ. കാൻസർ വാർഡിൽ നിന്ന് നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്ത് പരീക്ഷയെഴുതിയ ഗൗതം......
പത്താംക്ലാസ് ഫലം വന്നപ്പോൾ മൂന്ന് പരീക്ഷകളിൽ എ പ്ലസ്, ഒന്നിന് എ ഗ്രേഡ്, രണ്ടെണ്ണത്തിന് ബി പ്ലസും ഒന്നിന് ബിയുമായിരുന്നു. ആർ.സി.സി.യിൽ കീമോതെറാപ്പി കഴിഞ്ഞിറങ്ങിയപ്പോഴാണ് അവന്റെ പത്താം ക്ലാസ് ഫലം അറിയുന്നത്. മൂന്ന് പരീക്ഷകൾ എഴുതാത്തതിനാൽ സാങ്കേതികമായി ഗൗതം തോറ്റു. പക്ഷേ, സേ പരീക്ഷയെഴുതിയിരുന്നു. സേ പരീക്ഷാ ഫലത്തിന് കാത്തുനിൽക്കാതെ ഒടുവിൽ ഇന്നവൻ പോയി. ഛർദിച്ച് അവശനായാണെങ്കിലും എഴുതിയ ഏഴ് പരീക്ഷകളും എഴുതാൻ കഴിയാതെ പോയ ബാക്കി പരീക്ഷകളും എഴുതി തീർത്ത് ഇന്ന് രാവിലെ 9.30നാണ് ഗൗതം മരണത്തിന് കീഴടങ്ങുന്നത്.
പത്താംക്ലാസ്സിലെ ഏഴ് പേപ്പറുകളിൽ നാലും തിരുവനന്തപുരം ആർ.സി.സി.യിൽനിന്ന് നൂറുകിലോമീറ്ററിലധികം യാത്രചെയ്ത് ഹരിപ്പാട്ടെത്തിയാണ് ഗൗതം എഴുതിയിരുന്നത്. പരീക്ഷാഹാളിന് മുന്നിൽ ഛർദിച്ച് അവശനായിട്ടും അവൻ പിന്മാറിയില്ല. എന്നാൽ മൂന്ന് പരീക്ഷകൾ എഴുതാൻ കഴിയാത്തതിനാൽ സാങ്കേതികമായി തോൽക്കുകയായിരുന്നു.
പള്ളിപ്പാട് രാമങ്കേരിയിൽ അജയകുമാറിന്റെയും ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ജിഷയുടെയും രണ്ടാമത്തെ മകനാണ് ഗൗതം. ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി.
ഒൻപതാം ക്ലാസിലെ അവസാന നാളുകളിലാണ് രോഗം തിരിച്ചറിയുന്നത്. അന്നുമുതൽ ആർ.സി.സി.യിൽ ചികിത്സയിലാണ്. പത്താം ക്ലാസിൽ കഷ്ടിച്ച് ഒരുമാസം മാത്രമാണ് ക്ലാസിലിരുന്നത്. മാസങ്ങളോളം ആർ.സി.സി.യിലായിരുന്നു. ഇതിനിടെ എട്ട് പ്രാവശ്യം കീമോതെറാപ്പിക്കും 10 റേഡിയേഷനും വിധേയനായി.
പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന് ഗൗതമിന് വല്ലാത്ത വാശിയായിരുന്നു. ഒടുവിൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് രോഗാവസ്ഥയിൽ നല്ല കുറവുണ്ടായി. ഡിസ്ച്ചാർജായി വീട്ടിലേക്ക് മടങ്ങി.
മലയാളം രണ്ട് പേപ്പറുകൾ വീട്ടിൽനിന്ന് പോയാണ് എഴുതിയത്. പക്ഷേ, അപ്പോഴേക്കും മഞ്ഞപ്പിത്തം ബാധിച്ചു. വീണ്ടും ആശുപത്രിയിലേക്ക്. യാത്രചെയ്യാനുള്ള ആരോഗ്യസ്ഥിതിയിലായിരുന്നില്ലെങ്കിലും പരീക്ഷ എഴുതാൻ അവൻ വാശിപിടിച്ചു. ഒരു വർഷമായി ഗൗതമിനെ അടുത്തറിയാവുന്ന ഡോക്ടർമാർ ആശങ്കയോടെയാണെങ്കിലും സമ്മതിച്ചു. അങ്ങനെയാണ്, രാവിലെ എട്ടുമണിയോടെ ആർ.സി.സി.യിലെ ഒ.പി.യിൽ അത്യാവശ്യം പരിശോധനകൾക്ക് വിധേയനായശേഷം കാറിൽ ഹരിപ്പാട്ടേക്ക് പോന്നത്. പരീക്ഷ കഴിഞ്ഞ് നേരെ തിരുവന്തപുരത്തേക്കും. അടുത്ത ദിവസം തിരിച്ചും യാത്ര.
ഒടുവിൽ ഹിന്ദി പരീക്ഷയുടെ ദിവസം തീർത്തും അവശനായിപ്പോയി. കുട്ടിയെ കൊണ്ടുപോകുന്നത് ഡോക്ടർമാർ എതിർത്തെങ്കിലും പിന്നീട് വീട്ടുകാരുടെ ഉത്തരവാദിത്വത്തിൽ വിട്ടു. പരീക്ഷാഹാളിന് മുന്നിൽ ഛർദിച്ച് അവശനായിപ്പോയ ഗൗതമിനെ വൈകുന്നേരത്തോടെ വീണ്ടും ആർ.സി.സിയിൽ എത്തിച്ചു. അടുത്ത ദിവസങ്ങളിൽ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിനാൽ കണക്ക്, ബയോളജി, സോഷ്യൽ സ്റ്റഡീസ് പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ല.
സേ പരീക്ഷകളിൽ മൂന്നെണ്ണവും കഴിഞ്ഞ ആഴ്ചയാണ് എഴുതി തീർത്തത്. ക്ലാസ്സിൽ ഛർദ്ദിച്ചു കൊണ്ടാണ് പരീക്ഷയെഴുതിയത്. പിന്നീട് വീണ്ടും ആർസിസിയിൽ പ്രവേശിപ്പിച്ച ഗൗതം ഇന്ന് രാവിലെ 9.30നാണ് മരണത്തിന് കീഴടങ്ങുന്നത്.