Peruvayal News

Peruvayal News

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കൊല്ലം, എറണാകുളം ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന  ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍


വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ  ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരിയാണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.


വൈകിട്ട് നാലു മുതല്‍  കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും വിലക്കുക.

രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ  കേബിളുകള്‍ ഊരി ഇടാന്‍ ശ്രദ്ധിക്കുക.

മഴക്കാര്‍ കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ  ടെറസിലേക്കോ പോകാതിരിക്കുക. മുന്‍ അനുഭവങ്ങളില്‍ മഴക്കാറ് കണ്ട്  വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പോയ വീട്ടമ്മമാരില്‍ കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കുക.


പൊതു നിര്‍ദേശങ്ങൾ


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ഫോണ്‍ ഉപയോഗിക്കരുത്.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

കഴിയുന്നത്ര വീടിന്റെ് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.

ഇടിമിന്നലേറ്റയാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ലെന്ന് ഉറപ്പാക്കണം. അതിനുശേഷം പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുവര്‍ണ്ണ നിമിഷങ്ങളാണ്.

Don't Miss
© all rights reserved and made with by pkv24live