കാരകുന്ന് 34 ലെ തൊണ്ടിയൻ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള റൈസ് മില്ലിൽ മോഷണം നടത്തിയ ഒതായി കുരിക്കലം പാടിലെ ഒറ്റപ്പിലാക്കൽ മുജീബ് റഹ് മാനെ(42)യാണ് എടവണ്ണ എസ്.ഐ എൻ.കെ.മുരളിയും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് മില്ല് പൂട്ടാതെ ഉടമ തൊട്ടടുത്ത പള്ളിയിൽ നമസ്കരിക്കാൻ പോയ തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്.മേശ കുത്തിതുറന്ന് പണം എടുക്കുന്നത് സി.സി.ടി വി യിൽ പതിയുകയും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് മോഷ്ടാവ് പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ ഇവിടെ പട്ടാപ്പകൽ മോഷണം നടന്നിരുന്നു.ഇതിനെ തുടർന്നാണ് സി.സി.ടി.വി ഉപയോഗിക്കാൻ തുടങ്ങിയതെന്നും ഇയാൾ സ്ഥിരമായി മില്ലിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാറുണ്ടായിരുന്നുവെന്നും ഉടമ പറഞ്ഞു. സമാന രീതിയിൽ മോഷണം നടത്തിയതിന് കൊണ്ടോട്ടി, വാഴക്കാട്, മുക്കം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷം എടവണ്ണ അങ്ങാടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.