വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതി: പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കും സസ്‌പെൻഷൻ
ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർഥികൾക്കായി അധ്യാപകന്റെ ആൾമാറാട്ടം. മാർച്ചിൽ നടന്ന പരീക്ഷയിൽ രണ്ടു വിദ്യാർഥികളുടെ ഇംഗ്ളീഷ് പേപ്പർ പൂർണമായും 32 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നത്.
സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് കുട്ടികൾക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതെന്ന് ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പി.കെ. ജയശ്രീയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെയും സസ്പെൻഡ് ചെയ്തു.
പരീക്ഷാചുമതലയുള്ള അഡീഷണൽ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ് വി. മുഹമ്മദ്. ഇയാൾ രണ്ടുകുട്ടികൾക്കുവേണ്ടി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂർണമായും എഴുതി. 32 വിദ്യാർഥികളുടെ കംപ്യൂട്ടർ സയൻസ് പേപ്പർ കൂടുതൽ മാർക്ക് കിട്ടുന്ന തരത്തിൽ തിരുത്തിയെഴുതി. പ്ലസ് വൺ പരീക്ഷയിലും ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് ഡയറക്ടർ ശുപാർശചെയ്തിട്ടുണ്ട്.
മൂല്യനിർണയ ക്യാമ്പിൽ ഇംഗ്ലീഷ് ഉത്തരപ്പേപ്പർ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തിൽ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മുതിർന്നവരും കൂടുതൽ പഠിപ്പുള്ളവരുമായ ആരോ ആണ് അവ എഴുതിയെന്നതായിരുന്നു സംശയം. കൂടുതൽ പരിശോധനയ്ക്കായി അവ പരീക്ഷാബോർഡിലേക്ക് അയച്ചു. ഈ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പരീക്ഷാപേപ്പർ പല ക്യാമ്പുകളിൽനിന്നായി വരുത്തി. അവയിലെ കൈയക്ഷരം പരിശോധിച്ച് ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, പ്രിൻസിപ്പലടക്കമുള്ള അധ്യാപകരെയും കുട്ടികളെയും പരീക്ഷാബോർഡ് സെക്രട്ടറി വിളിച്ചുവരുത്തി.
പ്രിൻസിപ്പലും അഡീഷണൽ ഡെപ്യൂട്ടി ചീഫും പരീക്ഷാബോർഡിന് മുന്നിൽ ഹാജരായി. പുറത്തുനിന്നുള്ള അധ്യാപകനായ ഡെപ്യൂട്ടി ചീഫ് തെളിവെടുപ്പിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയിരുന്നു. നിരപരാധികളായതിനാൽ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കുന്നില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരിക്ഷാപേപ്പർ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തി. കംപ്യൂട്ടർ സയൻസ് പേപ്പറിൽ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേർത്തതായും സമ്മതിച്ചു.