Peruvayal News

Peruvayal News

കള്ളവോട്ട്: കാസര്‍കോട്ടെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട്: കാസര്‍കോട്ടെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീപോളിംഗ്

കാസര്‍കോട്: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ( ഞായറാഴ്ച) ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69  പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്നതില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി കാസര്‍കോട് മണ്ഡലത്തിലെ ഒരു ബൂത്തുമുണ്ട്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.

നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്

Don't Miss
© all rights reserved and made with by pkv24live