Peruvayal News

Peruvayal News

വോട്ടെടുപ്പിനിടെ മേനകാഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം

വോട്ടെടുപ്പിനിടെ മേനകാഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം

സുല്‍ത്താന്‍പൂര്‍(യു.പി.): ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികൾ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.


ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബി.ജെ.പി.സ്ഥാനാര്‍ഥിയാണ് മേനകാഗാന്ധി. ഇവിടുത്തെ എസ്.പി.-ബി.എസ്.പി. സഖ്യ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാർഥിയാണ് സോനുസിങ്.


സോനുസിങ്ങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇവിടെ ഇത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും മേനകാഗാന്ധി ആരോപിച്ചു. തുടര്‍ന്ന് മേനകാഗാന്ധിയുടെ ആരോപണം നിഷേധിച്ച് സോനുസിങും എത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്.


എന്നാല്‍ മേനകാഗാന്ധിക്കെതിരേ മുദ്രാവാക്യങ്ങളുയര്‍ത്തി സോനുസിങിന്റെ അനുയായികള്‍ എത്തിയതോടെ ഇരുവരും വാക്കേറ്റം അവസാനിപ്പിച്ച് പിരിയുകയായിരുന്നു.


"ഞങ്ങള്‍ ബൂത്ത് പരിശേധനയ്ക്കായാണ് ഇവിടെ എത്തിയത്. പോളിങ് ബൂത്തിലും സമീപപ്രദേശങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്നു. എന്നാല്‍ സോനുസിങ്ങുമായി ബന്ധമുള്ള, ജയിലില്‍ നിന്നും ഒളിവില്‍പോയ ഒരാള്‍ വോട്ടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാവര്‍ക്കും സമാധാനമായി അവരുടെ അവകാശമായ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കണം"- മേനകാഗാന്ധി പറഞ്ഞു.


"മണ്ഡലം മുഴുവന്‍ തനിക്കൊപ്പമാണ്. മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം നേടാന്‍ സാധിക്കും. തനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്"- സോനുസിങ് പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live