എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൽ ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ
2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ഉൾപ്പെടുത്തി. മേയ് 10 മുതൽ digilocker.gov.in എന്ന പോർട്ടലിലൂടെ ആധാർനമ്പർ നൽകി ഡിജിലോക്കർ തുറന്നാൽ സർട്ടിഫിക്കറ്റ് കാണാം. ഇതിന്റെ പ്രിന്റെടുക്കാനും ഓൺലൈനായി അയയ്ക്കാനും കഴിയും. ആധാർ വിവരങ്ങൾക്കൊപ്പം മൊബൈൽഫോൺ നമ്പർ നൽകിയാലേ ഡിജിലോക്കർ തുറക്കാൻ കഴിയു. ഡിജിറ്റൽ ലോക്കർ പോർട്ടലിൽ ആധാർനമ്പർ നൽകുമ്പോൾ രജിസ്ട്രേഡ് മൊബൈൽനമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ലഭിക്കും. ഇത് നൽകി വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ആധാർ കാർഡും ഡിജിറ്റൽ രൂപത്തിൽ ലഭ്യമായിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകളും കാണാം. ഇതിനൊപ്പം രേഖകൾ സ്വന്തംനിലയിൽ ചേർക്കാനുള്ള സൗകര്യവും ലഭ്യമാണ്. ആധാർ നമ്പർ അടിസ്ഥാനമാക്കിയാണ് രേഖകൾ ഡിജിലോക്കറിലേക്ക് അപ്ലോഡ് ചെയ്യുന്നത്. പത്താം ക്ലാസുകാർ സ്കൂളിൽ നൽകിയ ആധാർനമ്പറിൽ പിശകുണ്ടെങ്കിൽ ഡിജിലോക്കറിൽ സർട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇങ്ങനെയുള്ളവർ പരീക്ഷയെഴുതിയ സ്കൂളിൽ അപേക്ഷ നൽകിയാൽ രേഖകളിൽ തിരുത്തൽ വരുത്താൻ കഴിയും. ഇതിനുള്ള സമയപരിധി പിന്നീട് അറിയിക്കും. ഈവർഷം പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കറ്റ് ജൂലായ് അവസാനത്തോടെ ലഭ്യമാകും. സംസ്ഥാനസർക്കാരുകൾ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.