മെഡിക്കല്‍ കോളേജ് മാനസികാരോഗ്യവിഭാഗത്തിലെ രോഗികള്‍ക്കായി നിയമസഹായകേന്ദ്രം ഇന്ന് തുറക്കും
തിരുവനന്തപുരം: ജില്ലാ നിയമസേവന അതോറിറ്റിയും മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗവും സംയുക്തമായി മെഡിക്കല്‍ കോളേജില്‍ നിയമസഹായ കേന്ദ്രം ആരംഭിക്കുന്നു. ഡി അഡിക്ഷന്‍ സെന്‍ററില്‍ ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ഡോ കെ വാസുകി ഐ എ എസ് നിയമസഹായകേന്ദ്രം ഉദ്ഘാടനം ചെയ്യും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലുള്ള നിയമസഹായകേന്ദ്രത്തിനു സമാനമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നടപ്പാക്കുന്നത്. മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് സേവനകേന്ദ്രം ആരംഭിക്കുന്നത്. 2015ലെ ദേശീയ നിയമസേവന അതോറിറ്റിയുടെ മാനസികരോഗവും മാനസികവൈകല്യവുമുള്ള വ്യക്തികള്‍ക്കായുള്ള നിയമസേവനങ്ങള്‍ പദ്ധതിപ്രകാരമാണ് മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത്. മെഡിക്കല്‍ കോളേജ് വളപ്പിലെ ഡി അഡിക്ഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന നിയമസഹായകേന്ദ്രത്തിലൂടെ ആഴ്ചയില്‍ ഒരുദിവസം ഒരു പാനല്‍ അഭിഭാഷകയുടെയും പാരാ ലീഗല്‍ വോളന്‍റിയറിന്‍റെയും സേവനം ലഭ്യമാകും. മാനസിക രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി കോടതിവ്യവഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമസഹായങ്ങളും ഇവിടെ ലഭിക്കുന്നതാണ്. ബുധനാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടനയോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു അധ്യക്ഷനാകും. സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ സിജു ഷെയ്ക്ക് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ് എസ് സിന്ധു, മെഡിക്കല്‍ കോളേജ് സി ഐ ജി സുഭാഷ് കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. മെഡിക്കല്‍ കോളേജ് മാനസികാരോഗ്യവിഭാഗം മേധാവി ഡോ അനില്‍ പ്രഭാകരന്‍ സ്വാഗതവും പ്രൊഫ. ടി വി അനില്‍കുമാര്‍ നന്ദിയും പറയും.