വാട്‌സ്ആപ്പ് ഫോര്‍വേഡ് നിയന്ത്രണം പാളി; ചില്ലിക്കാശിന് ലക്ഷം സന്ദേശങ്ങളയക്കാമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കാലത്ത് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോര്‍വേഡു ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊണ്ടുവന്ന നിയന്ത്രണം മറികടക്കാനുള്ള സംവിധാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.
ആയിരം രൂപ മാത്രം വില വരുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് വലിയ തോതില്‍ സന്ദേശങ്ങള്‍ കൈമാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
വ്യാജ സന്ദേശങ്ങള്‍ പ്രവഹിച്ചതിനേത്തുടര്‍ന്ന് രാജ്യത്ത് നൂറിലേറെ പേര്‍ ആള്‍ക്കൂട്ട വിചാരണക്ക് ഇരയായി കൊല്ലപ്പെട്ട സംഭവത്തേത്തുടര്‍ന്നാണ് വാട്‌സ്ആപ്പില്‍ കമ്പനി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യുന്നത് അഞ്ച് പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അടുത്ത കാലത്താണ്. നേരത്തേ എത്ര പേര്‍ക്ക് വേണമെങ്കിലും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടതിനേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തയ്യാറായത്.
തുച്ഛമായ തുകക്ക് ലഭിക്കുന്ന പ്രോഗ്രാമുകളും ഓണ്‍ലൈന്‍ സേവനങ്ങളുമുപയോഗിച്ചാണ് ചില കക്ഷികള്‍ വാട്‌സ്ആപ്പ് വഴി തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഓണ്‍ലൈന്‍ പ്രചാരണ ചുമതലയിലുള്ളവര്‍ തയ്യാറായിട്ടില്ല.
ഒരു ദിവസം ഒരു ലക്ഷം മെസേജുകള്‍ വാട്‌സ്ആപ്പ് വഴി നല്‍കാന്‍ കഴിയുന്ന പ്രോഗ്രാം താന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയതായി ഡല്‍ഹി സ്വദേശിയായ റോഹിതേഷ് രസ്പ്‌വാള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വാട്‌സ്ആപ്പ് ക്ലോണ്‍ ആപ്പുകള്‍ വഴിയും, സോഫ്റ്റ്‌വേറുകള്‍ വഴിയും, ചില വെബ്‌സൈറ്റ് വഴിയുമാണ് ഇത്തരം സന്ദേശങ്ങള്‍ വലിയ തോതില്‍ അയച്ചത്. ആമസോണ്‍ വഴിയും ഇത്തരം പ്രോഗ്രാമുകള്‍ ലഭ്യമാണ്.