കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം
കുവൈത്ത് എയർവെയ്സ് വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കുവൈത്ത് എയർവെയ്സിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രൻ (34)ആണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
ടെർമിനൽ നാലിൽ ബോയിങ് 777-300 ഇ.ആർ എന്ന വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അപകട സമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയർവെയ്സ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകൾ: നൈനിക ആനന്ദ്. ഇവർ കുവൈത്തിലുണ്ട്.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.