കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വേണം പെന്‍സില്‍ പുഷ് അപ്പ്
സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമെല്ലാം ഉപയോഗിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ മറന്നുപോകരുത്. നല്ല കാഴ്ച നിലനിർത്താൻ കണ്ണിനും ചില വ്യായാമങ്ങൾ ആവശ്യമാണ്.
ദീർഘനേരം കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലുമൊക്കെ ചെലവഴിക്കുന്നവരിൽ കണ്ണിന് ആയാസമുണ്ടാകുന്നതിന്റെ പ്രധാന കാരണമാണ് കൺവേർജൻസ് ഇൻസഫിഷ്യൻസി എന്ന അവസ്ഥ. കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അടുത്തേക്കുള്ള കാഴ്ചയാണ് വേണ്ടത്(near infocus) ഇതിനെ സഹായിക്കുന്നത് കണ്ണിലെ ലെൻസിന്റേയും പേശികളുടേയും പ്രവർത്തനഫലമായി നടക്കുന്ന അക്കമഡേഷൻ എന്ന പ്രതിഭാസമാണ്.
ഡിജിറ്റൽ മാധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് കണ്ണിന് പ്രശ്നം സൃഷ്ടിക്കുന്നു. ഇതുമൂലം അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ ഇരുകണ്ണുകളും ഒരുമിച്ച് പ്രവർത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്നു.അങ്ങനെ തലവേദന, കണ്ണുകൾക്ക് ആയാസം, വസ്തുക്കളെ രണ്ടായി കാണൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഈ അവസ്ഥ മറികടത്താൻ സഹായിക്കുന്നതാണ് പെൻസിൽ പുഷ് അപ്പ് വ്യായാമം. കണ്ണിന്റെ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണം ഇത് ശീലിക്കാൻ.
പെൻസിൽ പുഷ് അപ്പ് ചെയ്യേണ്ട വിധം
സൗകര്യപ്രദമായ വിധത്തിൽ എവിടെയെങ്കിലും നിൽക്കുക
ഒരു പെൻസിൽ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തിൽ നീട്ടിപ്പിടിക്കുക
ഇനി ആ പെൻസിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക. തുടർന്ന് പതുക്കെ പെൻസിൽ മൂക്കിനടുത്തേക്ക് കൊണ്ടുവരിക
പെൻസിൽ അവ്യക്തമായ രണ്ടായോ കാണാൻ തുടങ്ങുമ്പോൾ ആ പൊസിഷനിൽ അൽപസമയം അങ്ങനെ നിർത്തുക. ഇതിന് ശേഷം വീണ്ടും പെൻസിൽ പഴയ പൊസിഷനിലേക്ക് തിരിച്ചെത്തിച്ച് പരിശീലനം ആവർത്തിക്കുക.