സ്‌കൂള്‍ വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കല്‍; പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
മലപ്പുറം : സ്‌കൂള്‍ വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നതില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ് . 29നക്കം ജി പി എസ് ഘടിപിച്ച വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണമെന്നാണ് സ്‌കൂള്‍ വാഹനഉടമകള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.
എന്നാല്‍ ഘടിപ്പിക്കാന്‍ ജിപിഎസ് കിറ്റ് കിട്ടാനില്ലെന്നും കിട്ടിയത് ഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഡ്രൈവര്‍മാരുടെ മറുപടി . 8 മാസം സമയം കിട്ടിയിട്ടും നീട്ടിക്കൊണ്ടുപോയത് എന്തിനാണെന്നും വില കുറഞ്ഞ ജിപിഎസ് കിറ്റ് വരുമെന്ന് കരുതി കാത്തിരുന്നാല്‍ പിഴയടയ്‌ക്കേണ്ടി വരുമെന്നും മോട്ടര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍ക്കുന്നു. ജില്ലയില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ അംഗീകാരമുള്ള കേന്ദ്രങ്ങളുടെ എണ്ണമാകട്ടെ, പത്തില്‍ താഴെയാണ്.
പെര്‍മിറ്റ് വ്യവസ്ഥയുടെ ഭാഗമായതിനാല്‍ ജിപിഎസ് ഇല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടി വരും. 29ന് അകം ജിപിഎസ് ഘടിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവു വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
വാഹനം കടന്നുപോകുന്നവഴി മോട്ടര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണ് ജിപിഎസ് ട്രാക്കിങ്ങിലൂടെ ഒരുക്കുന്നത്. അതിനായി ജിപിഎസ് ഘടിപ്പിച്ച് വാഹനം ആര്‍ടിഒ ഓഫിസുകളിലെത്തി ടാഗ് ചെയ്യണം. നിലവില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ സംസ്ഥാനതല കംപ്യൂട്ടര്‍ ശൃംഖലയിലാണ് വാഹനങ്ങളുടെ യാത്രാവിവരങ്ങള്‍ ലഭ്യമാവുക.