ഇന്നറിയുവാൻ
ദേശീയ സാങ്കേതിക വിദ്യ ദിനം
ഇന്ന് ദേശീയ സാങ്കേതിക വിദ്യ ദിനം. സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ദിവസമാണ് ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നത്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച ഹന്‍സ-3 വിമാനത്തിന്റെ പരീക്ഷണപ്പറക്കലും മേയ് 11-നായിരുന്നു.
1999 മുതലാണ് സാങ്കേതികവിദ്യാ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇങ്ങയൊരു ദിനം ആചരിക്കാന്‍ പ്രചോദനമായ ഒട്ടേറെ പ്രമുഖര്‍ക്ക് ഈ ദിനം ആദരവര്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവെന്ന് അറിയപ്പെടുന്ന ഹോമി ജെ. ഭാഭ,ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന വിക്രം സാരാഭായ്, ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വെങ്കട്ടരാമന്‍ രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ ശാസ്ത്ര സാങ്കേതികവിദ്യയ്ക്ക് മികച്ച സംഭാവന നല്‍കി പുരോഗതിയിലെത്തിച്ചവരാണ്.
രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ 1998 മേയ് 11ന് ഇന്ത്യ നടത്തിയ രണ്ടാം ആണവ പരീക്ഷണം സാങ്കേതിക വിദ്യയില്‍ രാജ്യം സ്വന്തമാക്കിയ മികച്ച നേട്ടമായിരുന്നു. ഓപ്പറേഷന്‍ ശക്തി എന്നായിരുന്നു വിളിപ്പേര്. ഇതിനുമുന്‍പ് 1974 മേയ് 18 സ്മൈലിങ് ബുദ്ധ എന്ന പേരില്‍ ഇന്ത്യ ആദ്യമായി ആണവബോംബ് പരീക്ഷിച്ചിരുന്നു.
സാങ്കേതികരംഗത്തെ പുരോഗതിയില്‍ ഐഎസ്ആര്‍ഒയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ പല നേട്ടങ്ങളും ഐഎസ്ആര്‍ഒയുടെ സംഭാവനയാണ്. 1975ല്‍ വിക്ഷേപിച്ച ആര്യഭട്ട മുതല്‍ പല ഉപഗ്രങ്ങളും ഇന്ത്യ വിജയകരമായി ഭ്രമണപദത്തിലെത്തിച്ചു.
ഈ മേഖലകളില്‍ മാത്രമല്ല ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി തുടങ്ങി പല രംഗങ്ങളിലും ഏതൊരു വികസിത രാജ്യത്തിനും ഒപ്പം നില്‍ക്കാവുന്ന ശക്തിയായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇനിയും ഒത്തിരി മുന്നേറാനുണ്ട്. അതിനായി ഒറ്റക്കെട്ടായി പരിശ്രമിക്കാം.